അബൂദബി: വ്യക്തിഗത ഇ-മെയിലിലേക്ക് ബാങ്കുകളുടേത് എന്ന രീതിയില്‍ സന്ദേശം അയച്ചും തട്ടിപ്പ്. ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ ജാഗ്രത വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളോ ഇ-മെയിലോ തരപ്പെടുത്തുന്ന തട്ടിപ്പുസംഘം ഔദ്യോഗികമെന്നു തോന്നിപ്പിക്കുന്ന സന്ദേശങ്ങളാണ് ആദ്യം അയക്കുക. വ്യക്തികളുടേയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചിട്ടുണ്ട്. ബാങ്കുകളുടെ പേരില്‍ വരുന്ന സന്ദേശങ്ങള്‍ അധികവും സ്പാം മെസേജുകള്‍ ആയിരിക്കും. പണം കൈമാറിയതുമായി ബന്ധപ്പെട്ടതോ അക്കൗണ്ടില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയോ ഒക്കെ ഉള്‍പ്പെടുത്തിയ സന്ദേശത്തില്‍ ലിങ്കുകളും അറ്റാച്ച് ചെയ്തിട്ടുണ്ടാവും. ഈ ലിങ്കുകള്‍ തുറന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ട ലോഗിന്‍ ഐഡിയും പാസ്വേഡും തട്ടിപ്പുസംഘത്തിനു ലഭിക്കും.
തുടര്‍ന്ന്, അക്കൗണ്ടിലുള്ള പണം കൈക്കലാക്കുകയാണ് രീതി. ബാങ്കുകളുടേതെന്ന രീതിയില്‍ വരുന്ന മെയിലുകള്‍ തുറക്കുന്നതിനു മുമ്പ്, ബന്ധപ്പെട്ട ബ്രാഞ്ചുകളെ സമീപിച്ച് ഉറപ്പുവരുത്തുകയെന്നാണ് തട്ടിപ്പിന് ഇരയാവാതിരിക്കാനുള്ള പ്രധാന മാര്‍ഗം. സ്പാം മെസേജുകളില്‍ പലപ്പോഴും വൈറസുകള്‍ ഉള്ളതിനാല്‍ തുറക്കാതിരിക്കലാണ് ഉത്തമം. ബാങ്ക് അധികൃതര്‍ അക്കൗണ്ട് നമ്പറോ പാസ്വേഡോ പിന് നമ്പറുകളോ വ്യക്തിഗത വിവരങ്ങളോ ഇ-മെയില്‍ വഴി ചോദിക്കില്ല. അത്തരം മെയിലുകള്‍ തുറക്കാതെതന്നെ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്.
അബൂദബിയിലെ താമസക്കാരന് സ്വകാര്യ വാട്സാപ്പിലേക്കാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് യു.എ.ഇയുടേത് എന്ന പേരില്‍ മെസേജ് വന്നത്. പി.ഡി.എഫ് ഫോര്‍മാറ്റില്‍ ബാങ്കിന്റേതെന്നു തോന്നിപ്പിക്കുന്ന ഔദ്യോഗിക രേഖയായിരുന്നു അത്. എ.ടി.എം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സുരക്ഷാ കാരണങ്ങളാല്‍ മരവിപ്പിച്ചിരിക്കുകയാണെന്നും 24 മണിക്കൂറിനുള്ളിൽ തന്നിരിക്കുന്ന നമ്പറില്‍ ബന്ധപ്പെട്ടില്ലെങ്കില്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുമെന്നുമാണ് നോട്ടീസ്. തനിക്ക് അക്കൗണ്ടില്ലെന്ന് മറുപടി കൊടുത്തതോടെ തട്ടിപ്പുകാരന് പിന്തിരിയുകയായിരുന്നു.
പലവിധത്തിലുള്ള തട്ടിപ്പുകളിലൂടെ കോടിക്കണക്കിനു രൂപയാണ് യു.എ.യിലെ ജനങ്ങള്‍ക്കു നഷ്ടപ്പെട്ടിട്ടുള്ളത്. 210 ലക്ഷം ദിര്‍ഹം തട്ടിപ്പുകാരില്‍നിന്ന് പിടിച്ചെടുത്ത് ഉടമസ്ഥര്‍ക്കു മടക്കി നല്‍കിയതായി അബൂദബി പൊലീസ് അറിയിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കൈമാറരുതെന്നും സംശയകരമായ ഫോണ്‍ കാളുകളോടോ സന്ദേശങ്ങളോടോ പ്രതികരിക്കരുതെന്നും പൊലീസ് നിര്‍ദേശമുണ്ട്. ഓണ്‍ലൈന്‍ ബാങ്കിങ് പാസ് വേഡുകള്‍, എ.ടി.എം പിന്നുകള്‍, സെക്യൂരിറ്റി നമ്പര്‍ (സി.സി.വി) തുടങ്ങിയ രഹസ്യ വിവരങ്ങള്‍ ആരുമായും പങ്കുവെക്കരുത്. ഇത്തരം വിവരങ്ങള്‍ ആരെങ്കിലുമായി പങ്കുവെച്ചാൽ അക്കൗണ്ട് േബ്ലാക്ക് ചെയ്യുന്നതടക്കം നടപടികൾ സ്വീകരിക്കണം. തട്ടിപ്പുകളെക്കുറിച്ച് 8002626 എന്ന അമാന്‍ സര്‍വിസ് നമ്പറില്‍ വിളിച്ചറിയിക്കാം.
കൊറിയർ ഡെലിവറിയുടെ പേരിൽ തട്ടിപ്പ്: കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്
ദുബൈ: കൊറിയൽ ഡെലിവറിക്ക് പണം അടക്കണമെന്ന പേരിൽ ഓൺലൈൻ തട്ടിപ്പ്. ഇതിനെതിരെ ജാഗരൂകരായിരിക്കണമെന്ന് ടെലികമ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകി. ഡെലിവറി ഫീസ് അടക്കണമെന്ന പേരിൽ പ്രമുഖ കൊറിയർ കമ്പനിയുടെ പേരിൽ വരുന്ന എസ്.എം.എസാണ് ആളുകളെ കുഴിയിൽ വീഴ്ത്തുന്നത്. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് പണം അടക്കാനായിരിക്കും മെസേജ്. ലിങ്കിൽ ക്ലിക്ക് ചെയ്ത് പണം അടച്ചാൽ അക്കൗണ്ടിലുള്ള തുക പൂർണമായും നഷ്ടമാകും.
ഓൺലൈനായി ബുക്ക് ചെയ്തവരാണ് കൂടുതലും കെണിയിൽ വീഴുന്നത്. ഔദ്യോഗിക കൊറിയർ കമ്പനികളുടേതെന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് മെസേജ് വരുന്നത്. പണം അടക്കാനുള്ളവർ കൊറിയർ സ്ഥാപനത്തിന്റെ വെബ്സൈറ്റ് വഴിയാണ് പണം നൽകേണ്ടത് എന്ന് അധികൃതർ അറിയിച്ചു. ചില വ്യാജ മെസേജ് വരുന്ന നമ്പറുകളും ലിങ്കുകളും ബ്ലോക്ക് ചെയ്തതായും അധികൃതർ അറിയിച്ചു. മുമ്പും മലയാളികൾ അടക്കമുള്ളവർക്ക് ഇത്തരത്തിൽ പണം നഷ്ടമായിട്ടുണ്ട്. കൊറിയർ ചാർജായ 17 ദിർഹം അടക്കണമെന്ന് കാണിച്ച് മലയാളിക്ക് മെസേജ് വന്നിരുന്നു. ഇദ്ദേഹം മറ്റൊരു കൊറിയറിനായി കാത്തിരുന്നതിനാൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് 17 ദിർഹം അടച്ചു. എന്നാൽ അക്കൗണ്ടിലുണ്ടായിരുന്ന തുക പൂർണമായും നഷ്ടപ്പെട്ടു. ഇത്തരം തട്ടിപ്പുകൾ സജീവമാണെങ്കിലും അശ്രദ്ധ കൊണ്ടും അറിവില്ലായ്മ മൂലവും പലരും വീണ്ടും തട്ടിപ്പിൽ വീഴുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.