ഫുജൈറ: ഒമാനിലുണ്ടായ റോഡപകടത്തിൽ പരിക്കേറ്റ ഇമാറാത്തി പൗരന്മാരെ ഹെലികോപ്ടർ മാർഗം ഫുജൈറയിലെത്തിച്ചു. യു.എ.ഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ഒമാനിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷമാണ് പരിക്കേറ്റവരെ ഫുജൈറയിലെ ശൈഖ് ഖലീഫ ഹോസ്പിറ്റലിൽ വിജയകരമായി എത്തിച്ചത്. ഇവിടെ ഇവരുടെ ചികിൽസ തുടരും.
വെള്ളിയാഴ്ച ഒമാനിലെ ദോഫാറിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചിരുന്നു. സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡിലാണ് രാവിലെ ഏഴ് മണിയോടെ ദാരുണമായ സംഭവമുണ്ടായത്. മൂന്ന് യു.എ.ഇ പൗരന്മാരും രണ്ട് ഒമാൻ പൗരന്മാരുമാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒമ്പത് യു.എ.ഇ സ്വദേശികളും രണ്ട് ഒമാനികളും ഉൾപ്പെടും. ഇവരിൽ അഞ്ചുപേർ കുട്ടികളാണ്. ഇവരുടെ നില ഗുരുതരമല്ലെന്ന് കഴിഞ്ഞ ദിവസം അധികൃതർ
വ്യക്തമാക്കിയിരുന്നു. യു.എ.ഇ വിദേശകാര്യ മന്ത്രാലയവും നാഷനൽ ഗാർഡിന്റെ നാഷനൽ സെർച് ആൻഡ് റെസ്ക്യൂ സെന്ററും എയർഫോഴ്സും എയർ ഡിഫൻസ് കമാൻഡും മസ്കത്തിലെ യു.എ.ഇ എംബസിയും സഹകരിച്ചാണ് എയർ ആംബുലൻസ് മിഷൻ പൂർത്തിയാക്കി പരിക്കേറ്റവരെ ഫുജൈറയിലെത്തിച്ചത്. റോഡുവഴി സഞ്ചരിക്കുന്നവർ ശ്രദ്ധ പുലർത്തണെമന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കുന്നതിനായി വേഗപരിധി അനുസരിക്കണമെന്നും മന്ത്രാലയം യു.എ.ഇ പൗരന്മാരോട് ആവശ്യപ്പെട്ടു. സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ദുഃഖവും അനുശോചനവും അറിയിച്ച അധികൃതർ പരിക്കേറ്റവർക്ക് അതിവേഗത്തിൽ സൗഖ്യം നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.