ദുബൈ: നോർക്ക കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് ഓർമയും പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദും മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി, ജനറൽ സെക്രട്ടറി ഷിജു ബഷീർ എന്നിവരാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഒക്ടോബർ 31നാണ് ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി. എന്നാൽ, തുടക്കത്തിലുണ്ടായ സാങ്കേതിക തടസ്സങ്ങളും നോർക്ക ഐ.ഡി കാർഡ് വിതരണം വൈകിയതും മൂലം നിരവധി പ്രവാസികൾക്ക് നിശ്ചിത സമയത്തിനുള്ളിൽ ഇൻഷുറൻസ് പദ്ധതിയിൽ ഇനിയും രജിസ്റ്റർ ചെയ്യാനായിട്ടില്ല. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ അഞ്ചുദിവസത്തോളം സോഫ്റ്റ്വെയർ അപ്ലോഡ് സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടതായും ഭാരവാഹികൾ കത്തിൽ ചൂണ്ടിക്കാട്ടി.
പ്രവാസികളുടെ ആരോഗ്യസുരക്ഷ ലക്ഷ്യമാക്കിക്കൊണ്ടുള്ള ഈ മഹത്തായ പദ്ധതിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതിനായി ഒരുമാസത്തേക്കെങ്കിലും ദീർഘിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദും മുഖ്യമന്ത്രിക്ക് പ്രത്യേകമായി കത്ത് അയച്ചു.
പദ്ധതി പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാണെന്നും സമയപരിമിതിയും സാങ്കേതിക തടസ്സങ്ങളും കാരണം നിരവധി പ്രവാസികൾ ഇതിൽ നിന്ന് പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ തീയതി ദീർഘിപ്പിക്കൽ അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.