ദുബൈ: എമിറേറ്റിൽ പുതുവത്സരാഘോഷം ലോകത്തെ തന്നെ ഏറ്റവും വലിയ സന്നാഹങ്ങളോടെയാണ് നടത്തപ്പെടുന്നത്. നിരവധി സ്ഥലങ്ങളിൽ വെടിക്കെട്ടും സംഗീത പരിപാടികളും ഇത്തവണയും ഒരുക്കുന്നുണ്ട്. കൂട്ടത്തിൽ വ്യത്യസ്തമായ അനുഭവം സന്ദർശകർക്ക് സമ്മാനിക്കാനുള്ള പദ്ധതിയിലാണ് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ).
കടലിൽ പരമ്പരാഗത ബോട്ടുകളായ ‘അബ്ര’കളിലും മറ്റു സമുദ്ര ഗതാഗത സംവിധാനങ്ങളിലും സഞ്ചരിച്ച് നഗരത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ നടക്കുന്ന കരിമരുന്ന് പ്രയോഗങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. എല്ലാ വർഷവും ആർ.ടി.എയുടെ മറൈൻ ട്രാൻസ്പോർട്ട് സെക്ടർ ‘അബ്ര’കൾ, വാട്ടർ ടാക്സികൾ, ദുബൈ ഫെറി എന്നിവയിൽ പുതുവത്സരം ആഘോഷിക്കാൻ ആഗ്രഹിക്കുന്ന റൈഡർമാർക്കായി പ്രീമിയം സേവനങ്ങൾ ഒരുക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഇത്തവണയും മികച്ച സൗകര്യങ്ങളോടെ അതിശയക്കാഴ്ചകൾക്ക് അവസരം നൽകുന്നത്. മികച്ച സൗകര്യങ്ങളുള്ള ദുബൈ ഫെറികളിൽ രാത്രി 10നും 10.30ക്കും ഇടയിലാണ് യാത്ര ആരംഭിക്കുക. പുലർച്ചെ 1.30വരെ യാത്ര തുടരും.
സിൽവർ ക്ലാസിന് 300 ദിർഹം, ഗോൾഡ് ക്ലാസിന് 450 ദിർഹം(2 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 50 ശതമാനം കിഴിവ് എന്നിങ്ങനെയാണ് നിരക്ക്. ഇതേസമയത്ത് മറീന മാൾ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന വാട്ടർ ടാക്സികൾ ബുക്ക് ചെയ്യാൻ 3,000 ദിർഹമാണ് നിരക്ക്. അബ്രകൾ പുറപ്പെടുന്നത് അൽ ജദ്ദാഫ് സ്റ്റേഷൻ, അൽ ഫഹീദി സ്റ്റേഷൻ, അൽ ഗുബൈബ മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നാണ്. ഒരാൾക്ക് 125 ദിർഹമാണ് നിരക്ക്. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.