ദുബൈ: ഫെഡറൽ തലത്തിൽ സർക്കാറുകളുടെ പ്രകടനം അളക്കുന്നതിന് പുതിയ സംവിധാനം പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.പുതിയ സംവിധാനം തീരുമാനങ്ങൾ എടുക്കുന്നതിൽ സർക്കാറുകളെ പിന്തുണക്കുകയും പദ്ധതികളും നയങ്ങളും നിരീക്ഷിക്കുകയും ചെയ്യും. കൂടാതെ നിർമിത ബുദ്ധി (എ.ഐ) അൽഗോരിതം ഉപയോഗിച്ച് ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും മുൻകൂട്ടി കാണാനുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
സർക്കാറിന്റെ പ്രകടനം ഉയർത്തുന്നതിനും ദേശീയ ഡേറ്റകൾ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമായി ‘ഡേറ്റ സൂചിക’ എന്ന സംരംഭം നേരത്തേ യു.എ.ഇ ഫെഡറൽ സർക്കാർ അവതരിപ്പിച്ചിരുന്നു. സ്ഥിതിവിവരക്കണക്കുകളിലും ഡേറ്റ മാനേജ്മെന്റിലും ആഗോളതലത്തിൽ ഏറ്റവും മികച്ച രീതികളും മാനദണ്ഡങ്ങളും പാലിച്ചാണ് ഇത് നടപ്പാക്കുന്നത്. ഡേറ്റകളുടെ നിയന്ത്രണവും പ്രവർത്തന ചട്ടക്കൂടുകളും കൈകാര്യം ചെയ്യുക, ഡേറ്റകളുടെ നിലവാരം വർധിപ്പിക്കുന്നതിന് ഏറ്റവും മികച്ച സ്ഥിതിവിവരക്കണക്കുകളുടെ രീതി ഉപയോഗിക്കുക, ഫെഡറൽ സ്ഥാപനങ്ങളുമായി ചേർന്ന് ഡേറ്റ ഉൽപാദന നടപടികളുടെ നിയന്ത്രണത്തിനായുള്ള ഡിജിറ്റൽ പരിവർത്തന പദ്ധതികൾ അവതരിപ്പിക്കുക തുടങ്ങിയവയാണ് ഡേറ്റ സൂചിക സംരംഭത്തിൽ ഉൾപ്പെട്ടിരുന്നത്. എഫ്.സി.എസ്.സി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഡേറ്റ സൂചിക പുറത്തിറക്കിയത്. പരിപാടിയിൽ 35 ഫെഡറൽ സർക്കാർ സ്ഥാപനങ്ങളെ പ്രതിനിധാനംചെയ്ത് 120 ഡേറ്റ വിദഗ്ധർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.