ദുബൈ: ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) യു.എ.ഇയിൽ മൂന്നു സെന്‍ററുകളിലായി ഞായറാഴ്ച 1400ലേറെ വിദ്യാർഥികൾ പരീക്ഷയെഴുതും. ദുബൈ ഊദ്മേത്തയിലെ ഇന്ത്യൻ ഹൈസ്കൂളിൽ 650ഓളം വിദ്യാർഥികളും ഷാർജ മുവൈലയിലെ ഇന്ത്യ ഇന്‍റർനാഷനൽ സ്കൂളിൽ 448പേരും അബൂദബി മുറൂർ അബൂദബി ഇന്ത്യൻ സ്കൂളിൽ 392 കുട്ടികളുമാണ് പരീക്ഷക്കിരിക്കുന്നത്.
ഉച്ച 12.30 മുതൽ 3.50വരെ മൂന്ന് മണിക്കൂറും 20 മിനിറ്റുമാണ് പരീക്ഷ നടക്കുക. എന്നാൽ, രാവിലെ 9.30 മുതൽ സെന്‍ററിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കും. 12 മണിക്കുശേഷം വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കില്ല. 13 ഭാഷകളിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സീകര്യമുണ്ട്. അഡ്മിറ്റ് കാർഡുകൾ വെബ്സൈറ്റിൽനിന്ന് വിദ്യാർഥികൾക്ക് ലഭിച്ചിട്ടുണ്ട്.
അതിനിടെ, പരീക്ഷ ഹാളിൽ പ്രവേശിക്കുന്നതിന് അതത് സ്ഥലങ്ങളിലെ അധികൃതർ നിർദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ഗ്രീൻപാസ് വേണമെന്നാണ് അബൂദബി അടക്കമുള്ള എമിറേറ്റുകളിൽ നിലവിലുള്ള മാനദണ്ഡം. സ്കൂളുകളിൽ പ്രവേശിക്കുന്നതിന് മുമ്പായി തെർമൽ പരിശോധന നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റിയുടെ നിർദേശം പരീക്ഷക്ക് ഹാജരാകാൻ ഗ്രീൻപാസ് വേണമെന്നാണെന്ന് ഷാർജ ഇന്ത്യ ഇന്‍റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി പറഞ്ഞു.
എന്നാൽ, കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നതോ മറ്റോ ആയ വിദ്യാർഥികൾക്ക് അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ഐസൊലേഷൻ ക്ലാസ് റൂം ഒരുക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അബൂദബി ഇന്ത്യൻ സ്കൂളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി പ്രിൻസിപ്പൽ നീരജ് ഭാർഗവയും പറഞ്ഞു.
കഴിഞ്ഞ വർഷം 1800ലേറെ വിദ്യാർഥികൾ യു.എ.ഇയിൽ പരീക്ഷ എഴുതിയിരുന്നു. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്ന് പരീക്ഷയെഴുതാൻ നിരവധിപേർ എത്തുകയുണ്ടായി. എന്നാൽ, ഇത്തവണ 'നീറ്റ്' പരീക്ഷക്ക് ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ട് പരീക്ഷ കേന്ദ്രങ്ങൾ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നടത്തിയ കുവൈത്ത്, ദുബൈ കേന്ദ്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഇതാണ് ഇത്തവണ പരീക്ഷക്ക് വിദ്യാർഥികളുടെ എണ്ണം കുറഞ്ഞത്. കൂടുതൽ സെന്‍ററുകൾ അനുവദിച്ചത് സൗകര്യമായെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പ്രതികരിച്ചു.
● യു.എ.ഇയിലെ പരീക്ഷ സമയം ഉച്ച 12.30 മുതൽ 3.50 വരെയാണ്. (ഇന്ത്യയിൽ ഉച്ച രണ്ടു മുതൽ 5.20 വരെയാണ് പരീക്ഷ നടക്കുന്നത്).
● രാവിലെ 9.30 മുതൽ ഉച്ച 12വരെ മാത്രമേ സെന്‍ററിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കൂ.
● അഡ്മിറ്റ് കാർഡിനൊപ്പം പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോയും (അപേക്ഷ ഫോറത്തിൽ അപ്‌ലോഡ് ചെയ്‌തത് പോലെയുള്ളത്) കൊണ്ടുവരണം.
● പാസ്പോർട്ടോ മറ്റേതെങ്കിലും അംഗീകൃത തിരിച്ചറിയൽ കാർഡോ കൈയിൽ കരുതണം.
● എൻ.ടി.എ നിശ്ചയിച്ച ഡ്രസ്കോഡ് ബാധകമായിരിക്കും. ആഭരണങ്ങൾ, വാച്ച്, വാലറ്റ്, ബെൽറ്റ്, തൊപ്പി ഉൾപ്പെടെ വസ്തുക്കളൊന്നും ഉപയോഗിക്കാനോ കരുതാനോ പാടില്ല. മൊബൈൽ ഫോൺ, ഇയർ ഫോൺ എന്നീ ഉപകരണങ്ങളും കൊണ്ടുവരരുത്.
● പരീക്ഷ കേന്ദ്രത്തിൽനിന്ന് നൽകുന്ന പേന ഉപയോഗിച്ചാണ് പരീക്ഷ എഴുതേണ്ടത്. പേന, പെൻസിൽ, റൈറ്റിങ് പാഡ്, കാൽക്കുലേറ്റർ തുടങ്ങിയവയൊന്നും പരീക്ഷ ഹാളിൽ കൊണ്ടുവരരുത്.
● പരീക്ഷ എഴുതിക്കഴിഞ്ഞാൽ അഡ്മിറ്റ് കാർഡും ഒ.എം.ആർ ഷീറ്റും ഇൻവിജിലേറ്റർക്ക് കൈമാറിയശേഷം മാത്രമേ ഹാളിൽനിന്ന് പുറത്തിറങ്ങാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.