ദുബൈ: നീറ്റ് പരീക്ഷയെഴുതാൻ ഗൾഫിൽ നിന്ന് കേരളത്തിലെത്തുന്ന വിദ്യാർഥികൾക്ക് ക്വാറൻറീൻ ദിനങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് രക്ഷിതാക്കൾ. സെപ്റ്റംബർ 13നാണ് നീറ്റ് പരീക്ഷ. അടുത്ത ദിവസങ്ങളിൽ നാട്ടിലെത്തിയാൽ മാത്രമെ 14 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കി പരീക്ഷ ഹാളിൽ എത്താൻ കഴിയൂ. എന്നാൽ, വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് എളുപ്പത്തിൽ അവധി ലഭിക്കാൻ ബുദ്ധിമുട്ടാണ്. ചില വിദ്യാർഥികളുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളുമെല്ലാം ഗൾഫിലാണ്. ഇവരെ ഒറ്റക്ക് നാട്ടിലേക്ക് പറഞ്ഞയക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ നീറ്റ് എഴുതുന്ന വിദ്യാർഥികൾക്കായി പ്രത്യേക ഇളവും ക്വാറൻറീൻ പാക്കേജുമുണ്ടാക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ഗൾഫിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ വിദ്യാർഥികൾ ഇതുവരെ കേരളത്തിേലക്ക് അയക്കാതിരുന്നത്. എന്നാൽ, രാജ്യത്തിന് പുറത്ത് പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കാനാവില്ലെന്ന സുപ്രീം കോടതി വിധി മൂന്ന് ദിവസം മുൻപാണ് വന്നത്. ഇതോടെ മക്കളെ നാട്ടിലെത്തിക്കാനുള്ള ഓട്ടത്തിലാണ് രക്ഷിതാക്കൾ. ഇപ്പോൾ അവധിയെടുത്ത് നാട്ടിലേക്ക് പോയാൽ മടങ്ങിയെത്തുേമ്പാൾ ജോലി നഷ്ടമാകുമെന്ന ആശങ്കയിൽ കഴിയുന്ന രക്ഷിതാക്കളുമുണ്ട്. മാത്രമല്ല, മടക്ക യാത്രക്ക് ഇപ്പോഴും തടസങ്ങളുള്ളതിനാൽ എന്ന് തിരിച്ചുവരാനാവും എന്ന ഉറപ്പും ഇവർക്കില്ല. അതിനാൽ, വിദ്യാർഥികൾ നാട്ടിലെത്തി പരീക്ഷയെഴുതിയ ശേഷം 3- 5 ദിവസത്തിനുള്ളിൽ മടങ്ങിവരുന്ന രീതിയിലുള്ള സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായെത്തണമെന്ന നിർദേശം വെക്കാം. പരീക്ഷ ഹാളിന് സമീപത്തെ ഹോട്ടലിൽ ക്വാറൻറീനിൽ കഴിയാം. ഇതിനായി സർക്കാർ പ്രത്യേക പാക്കേജ് തയാറാക്കിയാൽ ഉചിതമാകും. വിദ്യാർഥികളെ പരീക്ഷ ഹാളിലും തിരിച്ച് ഹോട്ടലിലും എത്തിക്കാൻ ഹെൽത്ത് കാബുകൾ ഏർപെടുത്താൻ രക്ഷിതാക്കൾ തയാറാണെന്നും കത്തിൽ സൂചിപ്പിച്ചു.
നീറ്റ് പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്ക് 14 ദിവസം ക്വാറൻറീൻ നിർബന്ധമാണെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.