നജ്ദ് അൽ മഖ്‌സർ
ഷാർജയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് നജ്ദ് അൽ മഖ്‌സർ. ഖോർഫക്കാൻ നഗരത്തിന്‍റെ പുരാതന ചരിത്രത്തിന്‍റെ തെളിവുകൂടിയാണിത്. അൽ ശർഖിയ പർവതങ്ങളിലെ ഏറ്റവും പഴക്കം ചെന്ന ഗ്രാമമാണിത്. ബി.സി 2000 മുതലുള്ള നിരവധി പ്രതീകാത്മക ലിഖിതങ്ങൾ ഇവിടെയുണ്ട്. വാദി ഷീസ് പർവത നിരകളുടെ കൊടുമുടികൾക്ക് മുകളിൽ സ്ഥിതിചെയ്യുന്ന ഈഗ്രാമത്തിൽ 100 വർഷത്തിലേറെ പഴക്കമുള്ള ചരിത്ര കോട്ടയും 13 വീടുകളുമുണ്ട്.
കല്ലും മണ്ണും ഉപയോഗിച്ചാണ് ഭിത്തികൾ നിർമ്മിച്ചിരിക്കുന്നത്. മേൽക്കൂരകൾ മറയ്ക്കാൻ ഈന്തപ്പനകളാണ് ഉപയോഗിച്ചിരുന്നത്. ഈന്തപ്പഴ കൃഷിയാണ് പ്രധാന ജീവിത മാർഗം. മഴക്കാലത്ത് തോടുകൾ നിറഞ്ഞൊഴുകുമ്പോൾ പാർപ്പിടങ്ങളിലായിരുന്നു ഇവർ അഭയം തേടിയിരുന്നത്. ഗ്രാമത്തിനുള്ളിൽ പള്ളിയും നിരവധി പുരാതന ശവകുടീരങ്ങളും കാണാം.
നജ്ദ് അൽ മഖ്‌സർ ഗ്രാമത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകം അൽ മഖ്‌സർ കോട്ട തന്നെയാണ്. ഏകദേശം 300 വർഷം മുൻപ് പർവതത്തിന്‍റെ മുകളിൽ നിർമ്മിച്ചതാണ് ഈ കോട്ട. അൽ റബി കോട്ടയും അൽ അദ്വാനി കോട്ടയും ഉൾപ്പെടുന്ന ഖോർഫക്കാനിലെ കോട്ടകളുടെ ശൃംഖലയുടെ ഭാഗമാണ് അൽ മഖ്‌സർ.
ഏകദേശം 200 മീറ്റർ ഉയരത്തിൽ നിന്ന് ഖോർഫക്കാന്‍റെ മനോഹരക്കാഴ്ചയും ഇവിടെ നിന്ന് കാണാൻ സാധിക്കും. ചരിത്രപരമായി ഏറ്റവും മൂല്യമുള്ളതായി കണക്കാക്കപ്പെടുന്നതാണ് ഇവിടുത്തെ പാറകളിൽ കൊത്തിവെച്ച 2000 ലേറെ പഴക്കമുള്ള മൃഗങ്ങളുടെയും ചിഹ്നങ്ങളുടെയും ചിത്രങ്ങൾ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയാണ് 2020ൽ ഈ ഗ്രാമം പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയത്. ഷാർജയിലെ ചരിത്രപരവും പുരാവസ്തുപരവുമായ സ്ഥലങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം അവസാനം നജ്ദ് അൽ മഖ്‌സർ ഗ്രാമം പുനഃസ്ഥാപിച്ചു.
13 ഹോട്ടലുകളും പ്രാർഥന മുറി, വിശ്രമമുറികൾ, ബാർബിക്യൂ ഏരിയകൾ, ഔട്ട്‌ഡോർ ഇരിപ്പിടങ്ങൾ എന്നിവയും സന്ദർശകരെ സ്വീകരിക്കാൻ കഴിയുന്ന തരത്തിലാണ് നജ്ദ് അൽ മഖ്‌സറിൽ സജ്ജീകരിച്ചിരിക്കുന്നത്. കോട്ടയുടെ പണി പൂർത്തിയായാൽ താഴ്‌വാരങ്ങളിലെ കൃഷിയും മുകളിലെ പർവത നിരകളും മനോഹര കാഴ്ച തന്നെയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.