ദുബൈ: യു.എ.ഇയിൽ കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ മലയാളികൾ ഏറ്റവും ആശങ്കപ്പെട്ടത് നാഇഫിനെ ഒാർത്തായിരുന്നു. നിരവധി മലയാളികൾ തിങ്ങിതാമസിക്കുന്ന ദേര, നാഇഫ് മേഖലയിലെ കോവിഡ് വാർത്ത നാട്ടിൽ പടർന്നതോടെ പ്രവാസി കുടുംബങ്ങളും ആശങ്കയിലായിരുന്നു. രണ്ട് മാസത്തിനിപ്പുറം തെളിഞ്ഞ മുഖത്തോടെ നാഇഫ് വീണ്ടും ഉണർന്നതിന് പിന്നിൽ യു.എ.ഇ ഭരണകൂടത്തിെൻറയും സാമൂഹിക പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും ദുബൈ പൊലീസിെൻറയും അക്ഷീണ പ്രയത്നമുണ്ട്. ലോക്ഡൗണിലായ നാഇഫിനെ കൈപിടിച്ചുയർത്തിയ ദിവസങ്ങളിലെ പ്രവർത്തനം വിവരിക്കുകയാണ് ദുബൈ പൊലീസ്.
3.2 കിലോമീറ്ററിനുള്ളിൽ 17,186 കെട്ടിടങ്ങളിലായി 74,377 പേർ താമസിക്കുന്ന സ്ഥലമാണ് നാഇഫ്. അണുനശീകരണ യജ്ഞം നടന്ന സമയത്ത് 24 മണിക്കൂറും പൊലീസിെൻറ നിയന്ത്രണത്തിലായിരുന്നു ഇവിടം. ജനങ്ങൾ പുറത്തിറങ്ങാതെ നോക്കുക എന്നതിലുപരിയായി, അവർക്ക് ഭക്ഷണമെത്തിക്കാനും ചികിത്സ നൽകാനും പൊലീസ് മുൻനിരയിലുണ്ടായിരുന്നു. അണുനശീകരണ യജ്ഞ സമയത്ത് അകപ്പെട്ടവരെ സഹായിക്കാൻ പൊലീസ് എട്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നതായി സെക്യൂരിറ്റി ആൻഡ് എമർജൻസി വിഭാഗം ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി പറഞ്ഞു. ഒാരോ സംഘത്തിനും ഒാരോ ചുമതലയുണ്ടായിരുന്നു. ആറ് ലക്ഷത്തോളം ഭക്ഷണപ്പൊതിയാണ് പൊലീസ് വിതരണം ചെയ്തത്. 6391 പേരെ പരിശോധനക്ക് വിധേയരാക്കി. 652 പേരെ നാട്ടിലേക്ക് തിരിക്കാൻ സഹായിച്ചു. രോഗം മൂലം ബുദ്ധിമുട്ടിയിരുന്ന 244 പേർക്ക് പ്രത്യേക സഹായം എത്തിച്ചു. ഗർഭിണികൾ, മറ്റ് രോഗികൾ എന്നിവർക്കാണ് പ്രധാനമായും സഹായം നൽകിയത്. മൂന്ന് ഫാർമസികൾ തുറക്കാൻ സഹായിച്ചു.
നിയമം ലംഘിച്ച് തുറന്ന 195 സ്ഥാപന ഉടമകൾക്ക് പിഴയിട്ടു. മുൻകരുതിൽ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയ 329 പേർക്കും പിഴയിട്ടു. 40 ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. എട്ട് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ തുറക്കാൻ സഹായിച്ചു. ഹോട്ടലുകളുമായി ബന്ധപ്പെട്ട് ബുക്കിങ് തീയതികൾ നീട്ടി നൽകാൻ ആവശ്യമായ സജ്ജീകരണമൊരുക്കി. നിരീക്ഷണത്തിനായി ഡ്രോണുകളുടെ സഹായം തേടി. താമസം ആവശ്യമായവർക്ക് അതിനുള്ള സൗകര്യം ഒരുക്കി. വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിക്കാനുള്ള സംവിധാനങ്ങളിൽ സഹായിച്ചു. ലോക്ഡൗണിൽ ഭക്ഷണം കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. വളരെ നയപരമായാണ് ജനങ്ങളെ കൈകാര്യം ചെയ്തത്. ഇതുവഴി അവരുടെ സഹകരണം ഉറപ്പാക്കാൻ കഴിഞ്ഞു. ഭക്ഷണം, ഗ്യാസ്, സർക്കാർ വാഹനങ്ങൾ എന്നിവക്ക് നാഇഫിലേക്ക് പ്രവേശിക്കുന്നതിനായി 5537 പെർമിറ്റുകൾ അനുവദിച്ചു.
നേരിട്ടത് വൻ വെല്ലുവിളി
വലിയ വെല്ലുവിളി നേരിട്ടാണ് നാഇഫിലെ സ്ഥിതി ഗതികൾ സാധാരണ നിലയിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. എറ്റവും പ്രധാന വെല്ലവിളികളിൽ ഒന്നായിരുന്നു മണി എക്സ്ചേഞ്ചുകൾ പൂട്ടിയത്. ജനങ്ങൾക്ക് പണം എടുക്കാനും അയക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. ഇതേ തുടർന്നാണ് കനത്ത മുൻകരുതലോെട എട്ട് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ തുറന്നുകൊടുത്തത്. ജനങ്ങൾ തിങ്ങി പാർക്കുന്ന ഭാഗങ്ങളിൽ അവരെ നിരീക്ഷിക്കുന്നത് മറ്റൊരു വെല്ലുവിളിയായി. ഇതിനായി ഡ്രോണുകൾ ഏർപാടാക്കി. ഇതിന് പുറമെ, ഇൗ പ്രദേശത്തെ താമസക്കാരിൽ നിന്ന് തന്നെ വോളൻറിയർമാരെ തെരഞ്ഞെടുത്തു. പൊലീസിെൻറ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ബോധവത്കരണം നൽകിക്കൊണ്ടിരുന്നു. നാട്ടിലേക്ക് തിരിച്ചുപോകണെമന്ന ചിലരുടെ ആഗ്രഹം സാധിക്കുന്നതിനായി എംബസികളുമായി ബന്ധപ്പെട്ട് സജ്ജീകരണം ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.