യു.എ.ഇ ഉണ്ടാവുന്നതിനും മു​േമ്പ എത്തിയ ഇസ്​മാഇൗൽ ഹാജി മടങ്ങുന്നു

റിയാദ്​: 1971 ഡിസംബർ രണ്ടിനാണ്​ ഗൾഫ്​ തീരത്തെ ഏഴു ചെറുരാജ്യങ്ങൾ ചേർന്ന്​ സംയുക്ത അറബ്​ രാഷ്​ട്ര സംവിധാനം (യു.എ.ഇ) രൂപപ്പെടുന്നത്​. അതിന്​ ഒരു വർഷം മുമ്പ്​ അതായത്​ 1970 ഡിസംബർ തുടക്കത്തിലാണ്​ ഇസ്​മാഇൗൽ എന്ന ഭാഗ്യന്വേഷി കടൽ നീന്തി ഖോർഫുക്കാൻ തീരത്തണയുന്നത്​. ബോംബെയിലെ ബസായി തീരത്തുനിന്നാണ്​ പത്തേമാരിയിൽ കയറിയത്​. ചാവക്കാട്ടുകാരൻ ഇബ്രാഹിം പ​േട്ടലി​േൻറതായിരുന്നു​ പത്തേമാരി. താനടക്കം 60 ഭാഗ്യന്വേഷികൾ. എണ്ണയുടെ നാട്ടിൽ ജീവിതം തെര​ഞ്ഞുപോകുന്നവരിൽ 22 പേർ മലയാളികളാണ്​.

കൂട്ടത്തിൽ ഏറ്റവും ചെറുപ്പം മലപ്പുറം കൊടിഞ്ഞി സെൻട്രൽ ബസാറിലെ വീട്ടിൽ നിന്ന്​ ഒളിച്ചോടി വന്ന എം.പി ഇസ്​മാഇൗൽ എന്ന ഇൗ 19 കാരൻ. കൗമാരം വിട്ടില്ലെങ്കിലും 18ാം വയസിൽ 13കാരിയെ ജീവിത സഖിയാക്കിയ കുടുംബ നാഥനാണ്​. എന്നിട്ടും കുരുത്തക്കേടുമായി നടന്നത്​ കൊണ്ട്​ മദ്രാസിലെ ഒരു ഹോട്ടലിൽ പണിയെടുത്ത്​ കുടുംബം പോറ്റുന്ന ബാപ്പയുടെ അപ്രീതിക്ക്​ പാത്രമായതാണ്​ നാടുവിടാൻ പ്രേരിപ്പിച്ചത്​. മണിയറയുടെ പുതുമണം മാറും മുമ്പ്​ പ്രിയതമ​യെ തനിച്ചാക്കി ബോംബെയിലേക്ക്​ ഒളിച്ചോടു​േമ്പാൾ ഗൾഫ്​ സ്വപ്​നത്തിലുണ്ടായിരുന്നില്ല. ബോംബെയിലെത്തി പരിചയപ്പെട്ടവരുടെയെല്ലാം നെഞ്ച്​ ഗൾഫ്​ എന്ന സ്വപ്​നക്കൂടാണെന്ന്​ അറിഞ്ഞപ്പോഴാണ്​ മോഹം മുളപൊട്ടിയത്​. 

ബോംബെയിൽ നിന്ന്​ ഏഴുദിവസത്തെ യാത്രക്ക്​ ശേഷം ഗൾഫ്​ തീരത്തു നിന്ന്​ നൂറു വാര അകലെ​ പത്തേമാരി നങ്കൂരമിട്ടു​. പാതിരാത്രിയിൽ കഴുത്തൊപ്പം കടൽവെള്ളത്തിൽ ഇറക്കിവിട്ടു. നീന്തി കയറിയത്​ ഖോർഫുക്കാൻ തീരത്ത്​. രാത്രിയിലെ ആളനക്കം കേട്ട്​ തീരത്തെ നായകളും മറ്റും ഒച്ചയിട്ടു. അതായിരുന്നത്രെ, അറബി വണ്ടിയോട്ടക്കാരുടെ സിഗ്​നൽ. അവർ വന്നു. പിറ്റേന്ന്​ ഉച്ചയോടെ ദുബൈയിലെത്തിച്ചു. കൈയ്യിലുള്ള ഇന്ത്യൻ രൂപയാണ്​ കൊടുത്തത്​. യു.എ.ഇ ഉണ്ടായിട്ടില്ല അന്ന്​. ആയതിനാൽ ദിർഹവുമായിട്ടില്ല. അഞ്ചുവർഷമാണ്​ ദുബൈയിൽ പല പല ജോലികൾ ചെയ്​ത്​ ജീവിച്ചത്​. പാസ്​പോർട്ടും വിസയുമില്ലാതെയാണല്ലോ പോന്നത്​. കുരുത്തംകെട്ട മകൻ ഗൾഫിൽ എത്തിയെന്ന്​ അറിഞ്ഞപ്പോൾ ക്ഷമിക്കാൻ തയാറായ​ ബാപ്പ സ്വപ്രയത്​നത്താൽ പാസ്​പോർട്ട്​ തരപ്പെടുത്തി എത്തിച്ചുകൊടുത്തു.

അഞ്ചുവർഷത്തിന്​ ശേഷം വിസയുമായി നാട്ടിലേക്ക്​ തിരിച്ചു, കപ്പലിൽ. പാസ്​പോർട്ടിൽ വിസ സ്​റ്റാമ്പ്​ ചെയ്​ത്​ നിയമാനുസൃത യാത്രക്കാരനായി അഞ്ചുമാസത്തിന്​ ശേഷം എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിലേക്ക്​ തിരികെ പറന്നു. പിന്നീട്​ ഒരുവർഷമേ അവിടെ നിന്നുള്ളൂ. പിന്നെ നാട്ടിൽ പോയി. കുറച്ചുകാലം അങ്ങനെ നിന്നു. പിന്നീട്​ ഹജ്ജ്​ വിസയിൽ കപ്പലിൽ ജിദ്ദയിലേക്ക്​. തീർഥാടനം കഴിഞ്ഞപ്പോൾ ജോലി ​അന്വേഷിച്ചു. അനാക്കിഷിൽ ഡയറൂപ്പ്​ പെയിൻറി​​​​െൻറ ഏജൻസിയിൽ ഡ്രൈവർ ജോലി കിട്ടി.

തൊഴിൽ വിസ തരാമെന്ന വാഗ്​ദാനത്തിൽ വിശ്വസിച്ച്​ അവസാനത്തെ ഹജ്ജ്​ കപ്പലിൽ തിരിച്ചുപോയി. കമ്പനി വാക്കുപാലിച്ചു. വിസ കിട്ടി. തിരികെ ജിദ്ദയിലെത്തി ദീർഘകാലം ജോലി ചെയ്​തു. മടുപ്പ്​ തോന്നിയപ്പോൾ അവസാനിപ്പിച്ചുമടങ്ങി. പക്ഷേ നാട്ടിൽ നിൽക്കാനായില്ല. 1990ൽ റിയാദിലേക്ക്​ പുതിയ വിസയിൽ വിമാനം കയറി. അലിസായി എന്ന കമ്പനിയുടെ റിയാദ്​ കിങ്​ അബ്​ദുല്ല റോഡിലുള്ള ഗാർഡൻ പാലസിൽ ജീവനക്കാരനായി. ഇപ്പോൾ 25 വർഷം പൂർത്തിയായി. പ്രായം 65 പിന്നിട്ടു. പലതുകൊണ്ടും ഇനി മുന്നോട്ടുപോകാൻ വയ്യ. അവസാനിപ്പിക്കാം എന്ന്​ സ്വന്തം നിലക്ക്​ എടുത്ത തീരുമാനമാണ്​.

കമ്പനിയധികൃതർക്ക്​ താൻ പോകുന്നത്​ ഇഷ്​ടമായിട്ടില്ല. ത​​​​െൻറ തീരുമാനം ഉറച്ചതാണ്​ എന്ന്​ അറിഞ്ഞപ്പോൾ മുഴുവൻ ആനുകൂല്യങ്ങളും തന്ന്​, സ്​നേഹപൂർവം യാത്രയാക്കാൻ തയാറായി എന്ന്​ മാത്രം. ശമ്പളത്തോട്​ കൂടിയ രണ്ടുമാസ അവധി നൽകി. സൗദിയിൽ ഇഷ്​ടമുള്ള ഇടങ്ങളിൽ എല്ലാം സഞ്ചരിക്കാനും ബന്ധുമിത്രാദികളെ സന്ദർശിക്കാനുമായി. അതെല്ലാം കഴിഞ്ഞു. ഇൗ മാസം 17ന്​ ജെറ്റ്​ എയർവേയ്​സ്​ വിമാനത്തിൽ കോഴിക്കോ​േട്ടക്ക്​ പറക്കും, അരനൂറ്റാണ്ടിലേക്ക്​ എത്തിക്കൊണ്ടിരിക്കുന്ന പ്രവാസത്തിന് പൂർണ​ വിരാമം കുറിച്ച്​. ഭാര്യ ബി കുട്ടി അഞ്ചുവർഷം മുമ്പ്​ മരിച്ചു. ശേഷം ജീവിതത്തിൽ ഒരു മൂകത അനുഭവപ്പെട്ടപ്പോൾ മക്കളുടെ അനുവാദത്തോടെ മറ്റൊരു വിവാഹം കഴിച്ചു. സീനത്താണ്​ രണ്ടാം ഭാര്യ. നാലു പെൺമക്കളാണ്​. പർവീന, സൗദാബി, ഷഖീല, ഷാദിയ. എല്ലാവരും വിവാഹിതരായി കുടുംബിനികളായി സുഖമായി കഴിയുന്നു. 

 

Tags:    
News Summary - mp ismail -Gulf news, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.