അബൂദബി: 10 ദിവസം നീണ്ടുനിൽക്കുന്ന മദർ ഓഫ് ദ നേഷൻ മേളയുടെ ആറാം എഡിഷന് അബൂദബി കോർണിഷിൽ തുടക്കമായി. എക്സിക്യൂട്ടിവ് കൗൺസിൽ അംഗം ശൈഖ് തയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആണ് മേള ഉദ്ഘാടനം ചെയ്തത്. കലാപ്രദർശനങ്ങൾ, അന്താരാഷ്ട്രവും പ്രാദേശികവുമായ സംഗീതപരിപാടികൾ, ശിൽപശാലകൾ തുടങ്ങി ഒട്ടേറെ വിനോദപരിപാടികളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.
അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, അബൂദബി ഗവ. മീഡിയ ഓഫിസ് ഡയറക്ടർ ജനറൽ മറിയം ഈദ് അൽ മഈരി, സാംസ്കാരിക വിനോദ വകുപ്പ് അണ്ടർ സെക്രട്ടറി സഊദ് അൽ ഹൊസനി, വകുപ്പ് ഡയറക്ടർ ജനറൽ സാലിഹി മുഹമ്മദ് അൽ ഗസീരി തുടങ്ങിയവരും സംബന്ധിച്ചു. ഖത്തറിലെ പ്രധാന സംഗീതബാൻഡായ മിയാമി ബാൻഡിന്റെ രാത്രി പരിപാടി ഉദ്ഘാടന ദിവസംതന്നെ മേളയെ സജീവമാക്കി. വൈകീട്ട് നാലുമുതൽ പുലർച്ചെ 12 വരെയാണ് മേളയുടെ പ്രവൃത്തിദിനങ്ങളിലെ സമയം.
ആഴ്ചാന്ത്യങ്ങളിൽ വൈകീട്ട് നാലുമുതൽ പുലർച്ചെ രണ്ടുവരെയും മേളയുണ്ടാവും. സാധാരണ പ്രവേശന ടിക്കറ്റിന് 30 ദിർഹമാണ് ഈടാക്കുന്നത്. ഓൺലൈനായി വാങ്ങുമ്പോൾ 35 ദിർഹവും നൽകേണ്ടിവരും. മേളയിലെ വിവിധ ആക്ടിവിറ്റികളിൽ പങ്കെടുക്കുന്നതിനടക്കം പ്രവേശനടിക്കറ്റ് വാങ്ങുമ്പോൾ 85 ദിർഹം മുതൽ 140 ദിർഹം വരെ നൽകേണ്ടിവരും. കുടുംബങ്ങൾക്കായി ഭക്ഷണ ഏരിയകളും കുട്ടികൾക്കായി അമ്യൂസ്മെന്റ് പാർക്കും മേളയിൽ സജ്ജമാക്കിയിട്ടുണ്ട്. വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും വാങ്ങുന്നതിനായി നിരവധി ഷോപ്പുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.