ദുബൈ: വർഷങ്ങളുടെ ഇടവേളക്ക് ശേഷം തന്‍റെ പൊന്നോമനകളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ ആ അമ്മക്ക് തടവറയും ഒരു നിമിഷം സ്വർഗമായി തോന്നി. മീറ്റിങ് റൂമിൽ സന്ദർശകർ ആരോ കാത്തിരിക്കുന്നുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥർ അറിയിച്ചപ്പോൾ ഇത്രയും മനോഹരമായ ഒരു കാഴ്ചയായിരിക്കുമതെന്ന് അവർ ഒരിക്കലും വിചാരിച്ചിരുന്നില്ല. കൺമുന്നിൽ നാലു മക്കളേയും ഒരുമിച്ച് കണ്ടപ്പോൾ ഒരു നിമിഷം സ്തംഭിച്ചുപോയി. ഓടിയെത്തിയ മക്കൾ കെട്ടിപ്പുണർന്നപ്പോഴാണ് താൻ കാണുന്നത് സ്വപ്നമല്ലെന്നും യാഥാർഥ്യമാണെന്നും അമ്മക്ക് ബോധ്യമായത്. അമ്മയും മക്കളും കെട്ടിപ്പിടിക്കുന്ന കാഴ്ച കണ്ടുനിന്ന ജയിൽ ഉദ്യോഗസ്ഥരുടെ കണ്ണുകളും ഈറനണിയിച്ചു. ദുബൈയിലെ വനിത ജയിലാണ് അമ്മയുടെയും മക്കളുടെയും അപൂർവ സംഗമത്തിന് സാക്ഷിയായത്.
ജീവിത സാഹചര്യങ്ങൾ കൊണ്ട് തടവറയുടെ ഇരുട്ടുമുറിയിലേക്ക് തള്ളപ്പെട്ട അമ്മയുടെ ആഗ്രഹം ദുബൈ പൊലീസ് സാധിച്ചുനൽകുകയായിരുന്നു. ‘തടവകാരുടെ സന്തോഷം’ എന്ന സംരംഭത്തിന്‍റെ ഭാഗമായി കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റിയുമായി കൈകോർത്ത് ദുബൈ പൊലീസിലെ കറക്ഷണൽ ആൻഡ് പുനിറ്റീവ് ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ ജനറൽ ഡിപാർട്ട്മെന്റാണ് അമ്മയും മക്കളും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ച അവസരമൊരുക്കിയത്. ജലിൽ ഉദ്യോഗസ്ഥരിൽ ഒരാളോട് ഒരിക്കൽ തന്‍റെ ആഗ്രഹം അവർ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഇവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. മറ്റൊരു രാജ്യത്തുള്ള കുട്ടികളെ ദുബൈ പൊലീസ് ഇടപെട്ട് ജയിലിൽ എത്തിച്ചാണ് അമ്മയുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.