നമ്മളൊരു യുദ്ധമുഖത്താണ്. ആശുപത്രികൾക്കുള്ളിൽ ഞങ്ങൾ ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഫാർമസിസ്റ്റുകളും ടെക്നീഷ്യൻമാരും മറ്റു ജീവനക്കാരും കോവിഡ് പോസിറ്റീവ് ആയവർക്കൊപ്പം ചേർന്ന് കോവിഡ് എന്ന മഹാമാരിക്കെതിരെ പൊരുതുേമ്പാൾ നിങ്ങൾ ഒാരോരുത്തരും വ്യക്തിശുചിത്വം പാലിച്ചും പുറത്തിറങ്ങാതെ വീട്ടിലിരുന്നും ഇൗ യുദ്ധത്തിെൻറ വിജയത്തിനായി മികവുറ്റ പങ്കുവഹിക്കുന്നു.
കോവിഡിനെയും ഇതിെൻറ ചികിത്സയെയും കുറിച്ച് ഞങ്ങൾ വൈദ്യശാസ്ത്ര സമൂഹത്തിനുപോലും പുതിയ അറിവും അനുഭവവുമാണെന്നിരിക്കെ െപാതുസമൂഹവുമായും ഇതേക്കുറിച്ച് ചിലതെല്ലാം പറയാമെന്ന് തോന്നി. സമൂഹമാധ്യമങ്ങളിലൂടെ പടച്ചുവിടുന്ന വ്യാജവും വികലവുമായ വിവരങ്ങളും ചിലർ നടത്തുന്ന അബദ്ധ പ്രചാരണങ്ങളും ജനങ്ങളിൽ അനാവശ്യഭീതിയും ഒരുപാട് തെറ്റിദ്ധാരണകളും പരക്കുന്ന ഘട്ടത്തിൽ വിശേഷിച്ചും.
കോവിഡ് രോഗിയുമായി കാണുകയും ഇടപഴകുകയും ചെയ്യുന്നവർക്കുപോലും ആ രോഗം പടരും എന്നൊരു പ്രചാരണം ജനങ്ങൾക്കിടയിലുണ്ടല്ലോ, േകാവിഡ് കേസുകൾ യു.എ.ഇയിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയ ആദ്യഘട്ടം മുതൽ യു.എ.ഇയിലെ മുൻനിര ആശുപത്രിയായ ആസ്റ്റർ ഹോസ്പിറ്റലിലെ കോവിഡ് വാർഡിൽ ജോലി ചെയ്തുവരുകയാണ് ഞാൻ. ആരോഗ്യ അതോറിറ്റിയുടെ മാനദണ്ഡം അനുസരിച്ച് കൃത്യമായ ഇടവേളകളിൽ ഞാൻ ടെസ്റ്റിന് വിധേയനാവുന്നുണ്ട്. ദൈവാനുഗ്രഹത്താൽ നാളിതുവരെ പോസിറ്റീവ് ആയിട്ടില്ല. എനിക്കു മാത്രമല്ല ഞങ്ങളുടെ ഒരു ഹോസ്പിറ്റൽ സ്റ്റാഫിനും പോസിറ്റിവ് രേഖപ്പെടുത്തിയിട്ടില്ല.
കോവിഡ് ചികിത്സ നടക്കുന്ന ആശുപത്രിയിൽ മറ്റേതെങ്കിലും രോഗത്തിനു ചികിത്സ തേടിപ്പോയാൽ കോവിഡ് പിടിച്ചു മടങ്ങേണ്ടിവരുമെന്ന പേടിയുണ്ട് പലർക്കും. ആശുപത്രിയിൽ കോവിഡ് ബാധിതരും മറ്റുള്ളവരും ഇടകലർന്നല്ല കഴിയുന്നതും ചികിത്സ തേടുന്നതും എന്ന് അറിയാതെയാണ് ഇൗ പേടി. ഞങ്ങൾ ആശുപത്രിക്കുള്ളിൽ ഒരു ആശുപത്രി ആയാണ് കോവിഡ് വാർഡ് ക്രമീകരിച്ചിരിക്കുന്നത്. ആറാം നിലയിലെ ആ വാർഡിലേക്ക് കോവിഡ് പോസിറ്റിവ് ആയവർക്കും മെഡിക്കൽ പ്രഫഷനലുകളും അല്ലാത്ത ഒരാളെയും കയറ്റിവിടുക പോലുമില്ല. ഇൗ വാർഡുകളിലെ നഴ്സുമാരുടെയും ജീവനക്കാരുടെയുമെല്ലാം താമസകേന്ദ്രങ്ങൾ േപാലും കൂടുതൽ സുരക്ഷിതമായി ക്രമീകരിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലേതിനേക്കാൾ കർശനമായ ചെക്കിങ് നടത്തിയാണ് ആശുപത്രിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതുപോലും. മാസ്ക് ഇല്ലാത്ത ഒരാളെയും ഗേറ്റിനകത്തേക്ക് കയറ്റില്ല. ചികിത്സതേടുന്ന ആളെ മാത്രമാണ് അകത്തേക്ക് കയറ്റുക. കോവിഡ് ഒരു ആരോഗ്യ അടിയന്തരാവസ്ഥയാകയാൽ താരതമ്യേന ഗുരുതരമല്ലാത്ത രോഗങ്ങൾക്ക് ചികിത്സ തേടി വരുന്നതിനെ ഞങ്ങളും നിരുത്സാഹപ്പെടുത്തുന്നുണ്ട്. എന്നാൽ പ്രസവം, ഹൃദയസംബന്ധമായ അസുഖങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ എന്നിവയെല്ലാം കൃത്യസമയത്ത് നടക്കുന്നുണ്ട്.
കോവിഡ് വാർഡിലെ ഭൂതങ്ങൾ
പി.പി.ഇ എന്ന് വിശേഷിപ്പിക്കുന്ന പടച്ചട്ടപോലുള്ള അതിസുരക്ഷാ വസ്ത്രങ്ങൾ ധരിച്ചാണ് ഞങ്ങൾ ഒാരോരുത്തരും വാർഡുകളിലേക്ക് പോകുന്നത്. സെൽഫിയെടുത്തുനോക്കിയപ്പോൾ എനിക്ക് എന്നെയൊരു ഭൂതത്തെപ്പോലെ തോന്നിയിരുന്നു. മുറികൾക്കുള്ളിൽ ഒറ്റക്ക് കഴിയേണ്ടിവരുന്ന കോവിഡ് പേഷ്യൻറ്സ് ആകെ കാണുന്നത് ഞങ്ങളെ മാത്രമാണല്ലോ. രോഗഭീതിക്കുപുറമെ ഞങ്ങളുടെ ഭീകരരൂപവും അവരെ മടുപ്പിക്കുമെന്നുറപ്പ്. ആ വസ്ത്രങ്ങൾ ധരിച്ചാൽ ശരീരത്തിെൻറ ഭാരം ഇരട്ടിച്ചതുപോലെ തോന്നും. അൽപ നേരംകഴിയുേമ്പാൾ ചൂടെടുത്ത് പൊള്ളാൻ തുടങ്ങും.
നമ്മെ വെല്ലുവിളിക്കുന്ന വൈറസ് ഭീകരനെതിരെയുള്ള പോരാട്ടമല്ലേ, സഹിക്കാൻ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. പക്ഷേ, ഞങ്ങളെ ഇൗ കോലത്തിൽ കണ്ട് ചികിത്സയിലുള്ള സഹോദരങ്ങൾക്ക് ബോറടിക്കും. അതിനുപുറമെ കോവിഡിനെക്കുറിച്ച് കേട്ടിരിക്കുന്ന കഥകളും അവരെ കടുത്ത സമ്മർദത്തിലാക്കുന്നു. പോസിറ്റിവ് ആയി ചികിത്സയിലുള്ള ആളുകളെ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് ഒരേ മുറിയിൽ ഒരുമിച്ചിരുത്തി സംസാരിക്കാനും കഥകൾ പറയിക്കാനുമെല്ലാം തുടങ്ങിയതോടെ അവരുടെ മടുപ്പ് കുറഞ്ഞു, ഭീതി മറഞ്ഞു, അസുഖം ഭേദമാവുന്നതിൽ ആ ക്രമീകരണം വലിയ പങ്കുവഹിച്ചു. അസുഖം ഭേദമായി മടങ്ങുന്ന ആളുകൾ തങ്ങളുടെ അനുഭവങ്ങൾ വിവരിക്കുക കൂടി ചെയ്തതോടെ ജീവിതത്തെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം തിരിച്ചുവന്നു.
ശ്വാസകോശം സ്പോഞ്ചുപോലെ ആകുേമ്പാൾ
കോവിഡ് ടെസ്റ്റ് നടത്തി പോസിറ്റിവ് എന്ന് കണ്ടെത്തുന്നവരെ മറ്റുള്ളവരുമായി ഇടകലരാത്ത രീതിയിൽ െഎസൊലേറ്റ് ചെയ്യുകയാണ് ചികിത്സയുടെ ആദ്യപടി എന്നറിയാമല്ലോ. പനി, ചുമ, തലവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളോടെ തന്നെ പലരുടെയും രോഗം ഭേദമാകും. എന്നാൽ, ചിലരിൽ അത് ശ്വാസകോശത്തെ കടന്നുപിടിക്കും.
ശ്വാസതടസ്സവും ന്യൂമോണിയയും രൂപപ്പെേട്ടക്കും. പുകവലിക്കെതിരായ പരസ്യത്തിൽ പറയുന്നതുപോലെ ശ്വാസകോശം സ്പോഞ്ച് പോലെയാവും. ഇൗഘട്ടത്തിൽ വെൻറിലേറ്ററിെൻറ സഹായത്തിൽ ശ്വസന പിന്തുണ നൽകും. വൈകാതെ ആരോഗ്യം വീണ്ടെടുക്കുകയും ടെസ്റ്റുകൾ പൂർത്തിയാക്കി എല്ലാം നെഗറ്റിവ് എന്ന് വ്യക്തമാവുന്നതോടെ വീട്ടിലേക്ക് മടങ്ങാനുമാവും. ഡ്യൂട്ടിയിൽ പ്രവേശിച്ചതിൽ പിന്നെ വീട്ടിലേക്ക് പോവുകപോലും ചെയ്യാതെ സേവനനിരതരായ നൂറുകണക്കിന് നഴ്സുമാരുൾപ്പെടെ ആരോഗ്യപ്രവർത്തകരാണ് നമുക്കുള്ളത്.
സഹജീവികളുടെ സുരക്ഷ ഉറപ്പാക്കാനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന അവരെ എത്ര ബഹുമാനിച്ചാലും മതിയാവില്ല. നമ്മൾ ഒാരോരുത്തർക്കും അവരെ ബഹുമാനിക്കാനും പിന്തുണക്കാനുമാവും.
എങ്ങനെയെന്നല്ലേ? അത്യാവശ്യകാര്യത്തിനല്ലാതെ വീടുകളിൽനിന്ന് പുറത്തിറങ്ങാതെയിരിക്കുക. ഭീതി പരത്തുന്നതും ആധികാരികമല്ലാത്തതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക, രോഗികളെ, അത് ഏത് അസുഖം ബാധിച്ചയാളുമാവെട്ട അവരെ കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യാതിരിക്കുക. അത്ര മാത്രം ചെയ്താൽ മതി. നമുക്ക് മറികടക്കാം ഇൗ രോഗകാലത്തെയും, വീണ്ടെടുക്കാം നമ്മുടെ സന്തോഷ നാളുകളെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.