'മീഡിയവൺ മബ്റൂക് പ്ലസ്' ഇംദാദ് ചെയർമാനും സ്മാർട്ട്സിറ്റി മുൻ സി.ഇ.ഒയുമായ അബ്ദുൽ ലത്തീഫ് അബ്ദുല്ല അഹമ്മദ് അൽ മുല്ല ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: മീഡിയവൺ മബ്റൂക് പ്ലസ് പരിപാടികളുടെ ആദ്യദിനത്തിൽ പഠനമികവിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയത് നൂറുകണക്കിന് വിദ്യാർഥികൾ. ദുബൈ ഹയർ കോളജ് ഓഫ് ടെക്നോളജിയിൽ ആരംഭിച്ച പരിപാടി ഇംദാദ് ചെയർമാനും സ്മാർട്ട്സിറ്റി മുൻ സി.ഇ.ഒയുമായ അബ്ദുൽ ലത്തീഫ് അബ്ദുല്ല അഹമ്മദ് അൽ മുല്ല ഉദ്ഘാടനം ചെയ്തു.
വിവിധ എമിറേറ്റുകളിൽനിന്ന് പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ 90 ശതമാനത്തിലേറെ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥികളെയാണ് ആദ്യദിനത്തിൽ രണ്ടുഘട്ടങ്ങളിലായി ആദരിച്ചത്. ഗ്രാൻഡ് ക്വിസ് മത്സരത്തിന്റെ ജൂനിയർ വിഭാഗത്തിൽ അർചിദ അനൂപ്-ഡാൻ അലൻ ടീം ചാമ്പ്യന്മാരായി. ബൂറിഷ് റവാസ്-റഷ്ദാൻ ടീം രണ്ടാമതെത്തി. ഏബിൾ പി.സിബിക്കാണ് മൂന്നാംസ്ഥാനം.
ഗ്രാൻഡ് ക്വിസ് മത്സരത്തിന്റെ സീനിയർ വിഭാഗത്തിലും ജൂനിയർ വിഭാഗത്തിലും സിറിയൻ വിദ്യാർഥികളാണ് ചാമ്പ്യൻപട്ടം നേടിയത്. സീനിയർ വിഭാഗത്തിൽ ലൈസ് മുൽഹാം ഒന്നാമതെത്തിയപ്പോൾ, തൃശൂർ സ്വദേശി സംപ്രീത് സുധീർ രണ്ടാമത്തെത്തി. ടോം മാത്യൂ മൂന്നാം സ്ഥാനം നേടി. സബ്ജൂനിയർ വിഭാഗത്തിൽ മധ്യപ്രദേശ് സ്വദേശി ഇവാൻ ജദോൻ ചാമ്പ്യനായി. അർജുൻ പ്രസന്ന രണ്ടാംസ്ഥാനവും മുഹമ്മദ് അർഹാം മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ സിറിയക്കാരായ വിസാൻ അൽ ഷെമിയും ഉസാമ അൽ ഷെമിയും ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി. കൃഷ്നീൽ പ്രസന്നക്കാണ് മൂന്നാം സ്ഥാനം. സ്റ്റുഡന്റസ് കോൺഫറൻസിൽ പ്രമുഖ സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ ആരതി രാജരത്നം വിദ്യാർഥികളുമായി സംവദിച്ചു.
ഉദ്ഘാടന ചടങ്ങിൽ ഷാർജ ചെസ് അക്കാദമി ചെയർമാൻ ഫൈസൽ അൽ ഹമ്മാദി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, നടനും അവതാരകനുമായ മിഥുൻ രമേശ്, കാസ്റ്റെല്ലോ എം.ഡി. മുഹമ്മദ് ഇക്ബാൽ, ഗോകൈറ്റ് എം.ഡി. സായിദ് അമീൻ, മീഡിയവൺ സി.ഇ.ഒ മുഷ്താഖ് അഹമ്മദ്, ഉപദേശകസമിതി അംഗങ്ങളായ ബഷീർ കുളംകണ്ടത്തിൽ, മുഹമ്മദ് നിയാസ് കണ്ണിയാൻ, ജി.സി.സി ജനറൽ മാനേജർ സ്വവ്വാബ് അലി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർഥികൾക്ക് മെഡലും സർട്ടിഫിക്കറ്റും കൈമാറി. രണ്ടാം ദിനമായ ഞായറാഴ്ച ഗ്രാൻഡ് ക്വിസ് സീനിയർ വിഭാഗം മത്സരവും, സ്റ്റാർകിഡ്സ് പ്രദർശനം, ലിറ്റിൽ പിക്കാസോ എന്ന പെയിന്റിങ് മത്സരം, അധ്യാപകസംഗമം എന്നിവ നടക്കും. മബ്റൂക് ഗൾഫ് ടോപ്പേഴ്സിന്റെ മൂന്ന്, നാല് ഘട്ട അവാർഡ് വിതരണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.