ദുബൈ എയർപോർട്ടിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന യാത്രക്കാർ
ദുബൈ: അവധിക്കാലം കഴിഞ്ഞ് യു.എ.ഇയിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാരെയും താമസക്കാരെയും സന്ദർശകരെയും സ്വീകരിക്കാൻ ദുബൈ വിമാനത്താവളങ്ങൾ പൂർണസജ്ജമായതായി ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു. യാത്രാ നടപടികൾ കൂടുതൽ വേഗത്തിലും സുഗമമായും പൂർത്തിയാക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചിട്ടുണ്ട്. സാങ്കേതിക സഹായ സംഘങ്ങളെ വിന്യസിക്കുകയും സ്മാർട്ട് ഗേറ്റുകളുടെ പരമാവധി ശേഷി പ്രയോജനപ്പെടുത്തുകയും ചെയ്തു. മുഖം തിരിച്ചറിയൽ, ബയോമെട്രിക് സാങ്കേതികവിദ്യ എന്നിവയുടെ സഹായത്തോടെ സെക്കൻഡുകൾക്കുള്ളിൽ പാസ്‌പോർട്ട് പരിശോധന പൂർത്തിയാക്കാൻ സ്മാർട്ട് ഗേറ്റുകളിലൂടെ സാധിക്കും. റെഡ് കാർപറ്റ് കോറിഡോറുകളും പ്രത്യേക അറൈവൽ ചാനലുകളും ഇതിനകം സജ്ജമാക്കിയിട്ടുണ്ട്.
ദുബൈ സർക്കാരിന്‍റെ കാഴ്ചപ്പാടും ഉന്നത നേതൃത്വത്തിന്‍റെ നിർദേശങ്ങളുമനുസരിച്ചുള്ള ലോകോത്തര യാത്രാനുഭവം യാഥാർഥ്യമാക്കുന്നതിനായാണ് ഈ ഒരുക്കങ്ങളെന്ന് ലഫ്. ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. ദുബൈ വിമാനത്താവളങ്ങളിലെ പാസ്‌പോർട്ട് പരിശോധനാ ഉദ്യോഗസ്ഥരുടെയും ഫീൽഡ് സംഘങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.