അജ്മാൻ: അജ്മാനിൽ നിന്നുള്ള ഷാർജ, ദുബൈ, ഉമ്മുൽ ഖുവൈൻ ബസ് റൂട്ടുകളിൽ ഈ വർഷം സെപ്റ്റംബർ 17 മുതൽ ടിക്കറ്റുകൾക്ക് നേരിട്ടുള്ള പണമിടപാട് അവസാനിക്കുന്നു. ടിക്കറ്റ് നിരക്കുകൾക്കായി ‘മസാർ മണി’ കാർഡുകളോ ബാങ്ക് കാർഡുകളോ മാത്രമേ ഇനി സ്വീകരിക്കൂ എന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ ശാഖകളിൽനിന്നും അംഗീകൃത വിൽപന കേന്ദ്രങ്ങളിൽനിന്നും സൗജന്യമായി ലഭിക്കുന്ന ‘മസാർ മണി’ കാർഡുകൾ യാത്രക്ക് മുമ്പായി റീചാർജ് ചെയ്യണം. കൂടാതെ, സെപ്റ്റംബർ 17 മുതൽ അജ്മാനിലെ ‘സ്പീഡ് വെഹിക്കിൾ ടെസ്റ്റിങ് ആൻഡ് രജിസ്ട്രേഷൻ സെന്‍ററി’ലും ഡിജിറ്റൽ പേയ്മെന്‍റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
യു.എ.ഇയിൽ കറൻസി നോട്ടുകളുടെ ഉപയോഗം വേഗത്തിൽ കുറയുകയും പകരം ഡിജിറ്റൽ പേയ്മെന്‍റുകൾ വർധിക്കുകയും ചെയ്യുന്നതായി പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ ‘വിസ’യുടെ പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദിനംപ്രതിയുള്ള ആവശ്യങ്ങൾക്ക് പണം ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ 25 ശതമാനത്തിൽ നിന്ന് 16 ശതമാനമായി ഇടിഞ്ഞു. ലോക്കൽ മാർക്കറ്റുകൾ, ടാക്സി സർവീസുകൾ, ബിൽ അടവുകൾ തുടങ്ങിയ മേഖലകളിലെല്ലാം കാർഡ്-മൊബൈൽ പേയ്മെന്റുകൾക്കാണ് ജനം മുൻഗണന നൽകുന്നത്. എങ്കിലും ടിപ്പ് നൽകാൻ 58 ശതമാനം ആളുകളും ഇപ്പോഴും കറൻസി നോട്ടുകളാണ് ആശ്രയിക്കുന്നത്.
ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയിലേക്ക് മാറുന്നതിന്‍റെ ഭാഗമായി യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലും സമാനമായ മാറ്റങ്ങൾ നടപ്പാക്കി വരികയാണ്. 2026-ഓടെയുള്ള കാഷ്‌ലെസ് ലക്ഷ്യങ്ങളുടെ ഭാഗമായി ദുബൈയിലെ പാർക്കിങ് മീറ്ററുകളിലും കറൻസി അധിഷ്ഠിത പേയ്മെന്‍റുകൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ ‘പാർക്കിൻ’ ജൂണിൽ തുടക്കം കുറിച്ചിരുന്നു. സുരക്ഷിതവും വേഗത്തിലുള്ളതുമായ ഇടപാടുകൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യമൊട്ടാകെ ഇത്തരം മാറ്റങ്ങൾ വേഗത്തിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.