ഷാർജ സിറ്റി മുനിസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്ത കുടിവെള്ള ബോട്ടിലുകൾ
പരിശോധിക്കുന്നു
ഷാർജ: സാധാരണ ടാപ്പിലെ വെള്ളം സംസം വെള്ളമെന്ന പേരിൽ വിൽപന നടത്തിയയാൾ പിടിയിൽ. ഷാർജയിലെ താമസസ്ഥലം അനധികൃതമായി കുപ്പിവെള്ളം തയാറാക്കുന്ന കേന്ദ്രമാക്കി മാറ്റിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. പതിവ് പരിശോധനയിൽ സംശയം തോന്നിയതിനെതുടർന്ന്, ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെ നിയന്ത്രണ, പരിശോധന വകുപ്പും ആരോഗ്യ നിയന്ത്രണ, സുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് കുറ്റകൃത്യം കണ്ടെത്തിയത്.
പതിവ് പരിശോധനക്കിടെ, ഒരു വീടിന് സമീപം വാഹനത്തിൽ കുപ്പിവെള്ളം കയറ്റുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനക്കിടെ വീടിന് സമീപത്തുനിന്ന് തന്നെ പ്രതിയെയും പിടികൂടി.
സംസം വെള്ളം എന്ന് ലേബൽ ചെയ്ത കാർട്ടണുകളും പ്ലാസ്റ്റിക് കുപ്പികളും റെയ്ഡിൽ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ വെള്ളം നിറച്ച് സോഷ്യൽ മീഡിയ വഴി പ്രചാരം നൽകിയാണ് ഇത് വിൽപന നടത്തിയത്. ഉയർന്ന വിലക്കാണ് വെള്ളം വിറ്റിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഷാർജ മുനിസിപ്പാലിറ്റി നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങൾ ആരംഭിച്ചതായി അറിയിച്ചു. പരിശോധനയിൽ പിടിയിലായ വ്യക്തിയുടെ ഉടമസ്ഥതയിൽ ലൈസൻസുള്ള കമ്പനിയുടെ പേരിലുള്ള സാമ്പത്തിക ഇൻവോയ്സുകൾ കണ്ടെത്തി. മുനിസിപ്പാലിറ്റി സാമ്പത്തിക വികസന വകുപ്പുമായി ബന്ധപ്പെട്ട് സ്ഥാപനം അടച്ചുപൂട്ടിയിട്ടുണ്ട്. ഷാർജ പൊലീസുമായി സഹകരിച്ച് പ്രതിയെ അന്വേഷണത്തിനായി റഫർ ചെയ്തിരിക്കുകയാണ്. പരിശോധനാ സംഘങ്ങൾ പിടിച്ചെടുത്ത എല്ലാ സാധനങ്ങളും കണ്ടുകെട്ടുകയും നടപടിക്രമങ്ങൾ അനുസരിച്ച് വീട് അടച്ചുപൂട്ടുകയും ചെയ്തു.
സമൂഹാരോഗ്യത്തെ ബാധിക്കുന്ന രീതികൾ നിരീക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ ആളുകളെ വഞ്ചിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് അൽ തീനൈജി പ്രസ്താവനയിൽ പറഞ്ഞു. ലൈസൻസില്ലാത്ത ഭക്ഷ്യസ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുകയോ സോഷ്യൽ മീഡിയ വഴി ഉൽപന്നങ്ങൾ വാങ്ങുകയോ ചെയ്യരുതെന്ന് ഷാർജ മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. തെറ്റായ രീതികൾ 993 എന്ന നമ്പറിൽ കോൾ സെന്ററുമായി ബന്ധപ്പെട്ട് അറിയിക്കാമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.