മാമുക്കോയ പുരസ്കാരം സിനിമ നടൻ ഹരീഷ് കണാരന് നടൻ ശങ്കർ സമർപ്പിക്കുന്നു
ദുബൈ: പ്രവാസികളായ മലയാളികൾ നടത്തിവരുന്ന കൂട്ടായ്മകളും കലാപരിപാടികളും മാതൃകാപരമാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് കോൺസൽ ബിജേന്ദർ സിങ് പറഞ്ഞു. മലബാർ പ്രവാസി കൂട്ടായ്മ നടത്തിയ രണ്ടാമത് മാമുക്കോയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുബൈ ഫോക്ലോർ തിയറ്ററിൽ നടന്ന പരിപാടിയിൽ ഈ വർഷത്തെ മാമുക്കോയ പുരസ്കാരം സിനിമ നടൻ ഹരീഷ് കണാരന്, മലയാള സിനിമ നടൻ ശങ്കർ സമർപ്പിച്ചു.
പരിപാടിയിൽ പ്രസിഡന്റ് അഡ്വ. അസീസ് തോലേരി അധ്യക്ഷതവഹിച്ചു. ഷാബു കിളിത്തട്ടിൽ മാമുക്കോയ അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമപ്രവർത്തകർക്കുള്ള പുരസ്കാരം മാത്യുകുട്ടിക്കും ഷാബു കിളിത്തട്ടിലിനും എഴുത്തുകാരനുള്ള പുരസ്കാരം ഇ.കെ. ദിനേശനും സാമൂഹിക പ്രവർത്തകനുമുള്ള പുരസ്കാരം പ്രയാഗ് പേരാമ്പ്രക്കും വിതരണം ചെയ്തു.
പരിപാടിയിൽ നബാദൽ ഇമാറാത്ത് ചെയർമാൻ ഡോ. ഖാലിദ് അൽ ബലൂഷി, ഡയറക്ടർ ഉമ്മു മർവാൻ പർവീൻ, മുഖ്യരക്ഷാധികാരി മോഹൻ വെങ്കിട്ട്, രാജൻ കൊളാവിപ്പാലം, അഡ്വ. മുഹമ്മദ് സാജിദ്, അഷ്റഫ് താമരശ്ശേരി, ജയിംസ് മാത്യു, ഷീല പോൾ, ഹാരിസ് കോസ്മോസ്, മൊയ്തു കുറ്റ്യാടി എന്നിവർ സംസാരിച്ചു. സെക്രട്ടറി ശങ്കർ നാരായൺ സ്വാഗതവും ട്രഷറർ ചന്ദ്രൻ കൊയിലാണ്ടി നന്ദിയും പറഞ്ഞു. ബി.എ. നാസർ, ബഷീർ മേപ്പയൂർ, പുഷ്പജൻ, ജലീൽ മഷൂർ, നബീൽ, നൗഷാദ് ഫറോക്, നിസാർ, ഷഫീക്, സുനിൽ, അഷ്റഫ്, മുനീർ, ഭാസ്കരൻ, മൊയ്ദു, അഹമ്മദ്, അസീസ്, സമീറ ഫിറോസ്, ഷൈജ അജിത്ത്, ആബിദ അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി.
പരിപാടിയുടെ ഭാഗമായി നടന്ന പായസ മത്സരത്തിനും ചിത്രരചനാ മത്സരത്തിനും വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. നാസർ ബേപ്പൂർ സംവിധാനം ചെയ്ത മാമുക്കോയയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും, ഹരീഷ് കണാരനും സംഘവും അവതരിപ്പിച്ച ഹാസ്യ പ്രകടനവും, കൊയിലാണ്ടി മുബാറക് സംഘം അവതരിപ്പിച്ച മുട്ടിപ്പാട്ട്, ഒരുമ ഒരുക്കിയ നൃത്ത നൃത്യങ്ങൾ, മൊയ്തു കുറ്റ്യാടിയും സംഘവും അവതരിപ്പിച്ച മലബാർ കല്യാണം തുടങ്ങിയ കലാപ്രകടനങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.