മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് എക്സിബിഷനിൽ ബുർജീൽ പവിലിയൻ സന്ദർശിച്ച പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് മെഡിക്കൽ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ ഡോ. ഷംഷീർ വയലിൽ വിശദീകരിക്കുന്നു
മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്; ബുർജീൽ പവിലിയൻ സന്ദർശിച്ച് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്
അബൂദബി: യു.എ.ഇയുടെ ആരോഗ്യപരിരക്ഷാ രംഗത്ത് വൻ മുന്നേറ്റം ലക്ഷ്യമിടുന്ന ബുർജീൽ മെഡിക്കൽ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് മുന്നിൽ വിശദീകരിച്ച് ബുർജീൽ ഹോൾഡിങ്‌സ് ചെയർമാനും സി.ഇ.ഒയുമായ ഡോ. ഷംഷീർ വയലിൽ. അബൂദബിയിൽ നടന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് 2026’ ഫോറത്തിന്‍റെ ഭാഗമായുള്ള ബുർജീൽ ഹോൾഡിങ്‌സ് പവലിയൻ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം എന്നീ രംഗങ്ങളിൽ വൻ നിക്ഷേപം ലക്ഷ്യമിടുന്ന വിപുലീകരണ പദ്ധതി ഡോ. ഷംഷീർ വിശദീകരിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരും പവലിയൻ സന്ദർശിച്ചു. ഐ.എച്ച്.സി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സയിദ് ബസർ ഷുഐബും സന്നിഹിതനായിരുന്നു. 3,87,000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചുകിടക്കുന്ന പുതിയ വികസനത്തിലൂടെ അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റിയെ ലോകോത്തര ചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
അർബുദ ചികിത്സ, മെഡിക്കൽ ഗവേഷണം, വിദ്യാഭ്യാസം എന്നിവ ഏകോപിപ്പിച്ചുകൊണ്ടുള്ള അതിനൂതന സൗകര്യങ്ങളാണ് ബുർജീൽ മെഡിക്കൽ സിറ്റിയുടെ അടുത്ത ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. സങ്കീർണമായ ചികിത്സാ സൗകര്യങ്ങൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ മികച്ച പരിചരണം സ്വദേശികൾക്കും പ്രവാസികൾക്കും ഇവിടെ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.