അബൂദബി: എമിറേറ്റിലെ ഹോട്ടലുകളിലും ടൂറിസം ലൈസന്‍സുള്ള റസ്റ്ററന്‍റുകളിലും പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ബന്ധമാക്കി അബൂദബി സംസ്‌കാര, ടൂറിസം വകുപ്പ് (ഡി.സി.ടി). പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്‍റെയും ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും ഭാഗമായാണിതെന്ന് ‘അൽഇത്തിഹാദ്’ റിപ്പോർട്ട് ചെയ്തു.
പുതിയ നിര്‍ദേശപ്രകാരം, മുതിര്‍ന്നവര്‍ക്കുള്ള ഭക്ഷണ മെനുവയിലെ ഓരോ വിഭാഗത്തിലും (പ്രധാന വിഭവങ്ങള്‍, സ്റ്റാര്‍ട്ടറുകള്‍, അനുബന്ധ വിഭവങ്ങള്‍, മധുരപലഹാരങ്ങള്‍) കുറഞ്ഞത് ഒരു വിഭവമെങ്കിലും നിര്‍ബന്ധമായും ആരോഗ്യകരമായ ഓപ്ഷനായിരിക്കണം. കുട്ടികള്‍ക്കായുള്ള മെനുവിലാണ് കൂടുതല്‍ കടുപ്പമേറിയ വ്യവസ്ഥയുള്ളത്. കുട്ടികളുടെ മെനുവിലെ ആകെ വിഭവങ്ങളുടെ കുറഞ്ഞത് 50 ശതമാനമെങ്കിലും അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയായിരിക്കണം. മുതിര്‍ന്നവര്‍ക്കുള്ള ആരോഗ്യകരമായ വിഭവങ്ങള്‍ കുട്ടികള്‍ക്ക് അനുയോജ്യമായ ചെറിയ അളവിലേക്ക് മാറ്റി നല്‍കാനും ഹോട്ടലുകള്‍ക്ക് അനുമതിയുണ്ട്.
അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്‍റര്‍ (എ.ഡി.പി.എച്ച്.സി.) തയാറാക്കിയ 'സെഹി' പോഷകാഹാര മാനദണ്ഡങ്ങളാണ് ഇതിനായി പാലിക്കേണ്ടത്. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞതും പോഷകഗുണം ഉയര്‍ന്നതുമായ വിഭവങ്ങളെയാണ് ‘സെഹി’ നിലവാരത്തിലുള്ളവയായി കണക്കാക്കുന്നത്. ഇത്തരത്തിലുള്ള വിഭവങ്ങളെ മെനുവില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാനായി എ.ഡി.പി.എച്ച്.സിയുടെ പ്രത്യേക ‘സെഹി’ ലോഗോ വ്യക്തമായി പ്രദര്‍ശിപ്പിക്കണം.
ഹോട്ടലുകള്‍ നേരിട്ട് നടത്തുന്നതും ടൂറിസം ലൈസന്‍സുള്ള സ്വതന്ത്രമായ ഭക്ഷണശാലകള്‍ക്കും നിയമം ബാധകമാണ്. എന്നാല്‍, ചില പ്രത്യേക സേവന രീതികള്‍ക്ക് ഇതില്‍നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രത്യേക മെനുവില്ലാത്ത ബുഫേകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിഭവങ്ങള്‍ മാത്രം നല്‍കുന്ന ടേസ്റ്റിങ് മെനുകള്‍, സീറ്റിങ് സൗകര്യമില്ലാതെ പ്രദര്‍ശന ബോര്‍ഡുകള്‍ മാത്രം ആശ്രയിക്കുന്ന മൂന്നില്‍ താഴെ വിഭാഗങ്ങളിലുള്ള ചെറിയ ഔട്ലെറ്റുകള്‍, പാനീയങ്ങള്‍ മാത്രം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയെ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പരിശോധനകളുടെ ഭാഗമായി റസ്റ്ററന്റുകളിലെ വിഭവങ്ങളുടെ വിവരങ്ങള്‍, പാചകക്കുറിപ്പുകള്‍, പോഷക വിവരണങ്ങള്‍ എന്നിവ അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടി വരും. നിലവില്‍ അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്‍ററുമായി ചേര്‍ന്ന് പരിശോധനാ നടപടികളുമായി മുന്നോട്ടുപോകുന്ന സ്ഥാപനങ്ങളെ താല്‍ക്കാലികമായി നിയമവിധേയമായി കണക്കാക്കും.
മെനു പുതുക്കുമ്പോഴോ നിലവിലുള്ള അംഗീകൃത വിഭവങ്ങളില്‍ മാറ്റം വരുത്തുമ്പോഴോ വീണ്ടും സമര്‍പ്പിച്ച് അംഗീകാരം വാങ്ങണം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളും പിഴയും സ്വീകരിക്കുമെന്ന് സംസ്‌കാര ടൂറിസം വകുപ്പ് മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.