ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും അൽ മദീന ഹെറിറ്റേജ് സി.ഇ.ഒ ബാന്ദർ അൽ ഖഹ്താനിയും ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നു
ദുബൈ: ഈത്തപ്പഴത്തിൽ നിന്നുണ്ടാക്കുന്ന സൗദി അറേബ്യയിലെ ‘മിലാഫ് കോള’ ജി.സി.സിയിലെയും ഇന്ത്യയിലെയും ലുലു സ്റ്റോറുകളിലും ലഭ്യമാകും. ദുബൈയിൽ നടക്കുന്ന മേഖലയിലെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ‘ഗൾഫുഡ്’ വേദിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും അൽ മദീന ഹെറിറ്റേജ് സി.ഇ.ഒ ബാന്ദർ അൽ ഖഹ്താനിയും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇതിന് പുറമെ ഒമ്പത് പുതിയ കരാറുകളിൽ കുടി ലുലു ഒപ്പുവെച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കൂടുതൽ വിപുലമായ വിതരണത്തിനായി നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായും ലുലു ധാരണയിലെത്തി. ലോകത്തെ വിവിധിയിടങ്ങളിലുള്ള ലുലു സ്റ്റോറുകളിൽ കൂടുതൽ ഇന്ത്യൻ ഉത്പന്നങ്ങൾ എത്തിക്കുകയും കൂടുതൽ വിപണന സാധ്യത ഉറപ്പാക്കുന്നതുമാണ് കരാർ. ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയരക്ടർ സലിം എം.എയും ‘നാഫെഡ്’ എം.ഡി ധൈര്യഷിൽ കൻസെയും എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഇറ്റലിയിലെ പാസ്താ റീഗിയോ, സ്പെയിനിലെ ഫ്രിൻസാ ഗ്രൂപ്പ്, യു.എസിലെ ചീസ് കേക്ക് ഫാക്ടറി അടക്കം ലോകോത്തര കമ്പനികളുമായും കരാറുകളിൽ ലുലു ഒപ്പുവച്ചു. ഭക്ഷ്യഉത്പന്നങ്ങളുടെ വിപുലമായ വിതരണത്തിനും ലഭ്യത ഉറപ്പാക്കാനുമായാണ് കരാറുകൾ ലക്ഷ്യംവെക്കുന്നത്. റീട്ടെയ്ൽ രംഗത്തെ മാറ്റങ്ങൾ അടക്കം പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ഗൾഫുഡ് എന്നും ആരോഗ്യകരമായ ഭക്ഷണശൈലി ഉൾപ്പടെ പ്രതിധ്വനിക്കുന്നതാണ് ഗൾഫുഡിലെ പ്രദർശനങ്ങളെന്നും എം.എ യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് സി.ഇ.ഒ സെയ്ഫി രൂപാവാല, സി.ഒ.ഒ സലിം വി.ഐ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.