സഈദ നടേമ്മലിന്റെ ആദ്യ യാത്രാവിവരണമാണ് ‘ലണ്ടൻ ടു കപ്പഡോക്യ, ഒരു ഭൂഖണ്ഡാന്തര യാത്ര’. ലിപി പബ്ലിക്കേഷൻസാണ് പ്രസാദകർ. കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്ത് അയനിക്കാട് സ്വദേശിയായ സഈദ പ്രവാസലോകത്ത് എത്തിയ ശേഷം 10 രാജ്യങ്ങളിലൂടെ നടത്തിയ രാജ്യാന്തര യാത്രകളുടെ മനോഹരമായ വിവരണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
കുടുംബസമേതം നടത്തിയ യാത്രകളായിരുന്നു എല്ലാം. അതുകൊണ്ടുതന്നെ മറ്റ് യാത്രാവിവരണ പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു വായനാനുഭവം പകർന്നുതരാൻ കഴിയും എന്നാണ് എഴുത്തുകാരിയുടെ ആത്മവിശ്വാസം. വെറുമൊരു യാത്രാവിവരണം എന്നതിലുപരി ഓരോ സ്ഥലങ്ങളുടെയും പ്രകൃതിയും സവിശേഷ കാഴ്ചകളും ജീവിതരീതികളും രസകരമായ അനുഭവങ്ങളും ഹൃദ്യമായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട് പുസ്തകത്തിൽ.
ഓരോ സ്ഥലത്തുനിന്നും പകർത്തിയിട്ടുള്ള ചിത്രങ്ങൾ കളറിലും ബ്ലാക്ക് ആൻഡ് വൈറ്റിലും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് വായനാനുഭവം മെച്ചപ്പെടുത്തും. ഷാർജ അന്താരാഷ്ട്ര പുസ്തകമേള റൈറ്റേഴ്സ് ഫോറം വേദിയിൽ നവംബർ എട്ടിന് വൈകീട്ട് മൂന്നിന് പുസ്തകം പ്രകാശനം ചെയ്യും.
എഡിറ്റർ: സഈദ നടേമ്മൽ
പ്രസാധകർ: ലിപി പബ്ലിക്കേഷൻസ്
പ്രകാശനം: നവംബർ എട്ടിന്
വൈകീട്ട് മൂന്നിന്
-----------------------
പ്രകാശം പരത്തിയ പ്രവാചകന്മാർ
ഹുസൈൻ സലഫിയുടെ ‘പ്രകാശം പരത്തിയ പ്രവാചകന്മാർ’ എന്ന പുസ്തക പരമ്പരയിലെ അഞ്ചാംഭാഗമാണ് വായനക്കാരുടെ കൈകളിലേക്ക് എത്തിക്കുന്നത്. മാനവരെ നേർവഴിയിലേക്ക് നയിക്കാൻ അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്തയക്കുന്ന മനുഷ്യരാണ് പ്രവാചകന്മാർ. നിരവധി പ്രത്യേകതകളുള്ള ഉത്തമ മാതൃകാപുരുഷന്മാരാണവർ. സമൂഹത്തെ ശരിയിലേക്ക് നയിക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്തം ഏറ്റെടുത്ത ഇവരുടെ ദൗത്യം ഏറെ പ്രയാസകരംതന്നെ ആയിരുന്നു.
എന്നാലും എല്ലാ പ്രവാചകന്മാരും അത് പൂർത്തീകരിച്ചു. പ്രവാചകന്മാരുടെ ദൗത്യത്തെക്കുറിച്ചും അവർ നേരിട്ട പ്രയാസങ്ങളെക്കുറിച്ചും അവരിൽ നാം വിശ്വസിക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ചുമുള്ള വിവരണമാണ് ഈ കൃതിയിലുള്ളത്. വിശ്വാസം ദൃഢീകരിക്കാനും തെറ്റിദ്ധാരണകൾ നീക്കാനും ഏറെ ഉപകാരപ്രദമാണ് ഈ രചന. വിസ്ഡം ബുക്സാണ് പുസ്തകം പുറത്തിറക്കുന്നത്.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഹാൾ നമ്പർ ഏഴിലെ ഇസെഡ്.സി 23 സ്റ്റാളിൽ പുസ്തകം ലഭിക്കും.
എഡിറ്റർ: ഹുസൈൻ സലഫി
പ്രസാധകർ: വിസ്ഡം ബുക്സ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.