മുസഫ വെയർഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രിക്കുന്ന സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ
മുസഫ വ്യവസായ നഗരിയിലെ സ്റ്റോറേജ് വെയർഹൗസിൽ വൻ തീപിടിത്തം
അബൂദബി: മുസഫ വ്യവസായ നഗരിയിൽ നിർമാണ സാമഗ്രികളും ഇലക്ട്രിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയർഹൗസിലുണ്ടായ വൻ തീപിടിത്തം അബൂദബി സിവിൽ ഡിഫൻസ് ടീം കാര്യമായ നാശനഷ്ടങ്ങളുണ്ടാകാതെ നിയന്ത്രിച്ചു. സമീപത്തെ മറ്റു വെയർഹൗസുകളിലേക്ക് തീ പടരാതിരിക്കാൻ മുൻകരുതലുകൾ ആദ്യമേ സ്വീകരിച്ചത് വിജയിച്ചതായി സിവിൽ ഡിഫൻസ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
അഗ്‌നിശമന സേന, ആംബുലൻസ് ടീമുകൾ അബൂദബി പൊലീസിെൻറ ഓപറേറ്റിങ് റൂമിൽ നിന്ന് തീപിടിത്തം സംബന്ധിച്ച അറിയിപ്പ് ലഭിച്ച ഉടൻ അപകടസ്ഥലത്തെത്തി. വേഗത്തിൽ നിയന്ത്രണവിധേയമാക്കുകയും ശീതീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. വേനൽക്കാലത്ത് എല്ലാ വെയർ ഹൗസുകളിലും അഗ്നിപ്രതിരോധ സുരക്ഷ പാലിക്കണമെന്ന് അഗ്‌നിശമന സേന ഓർമിപ്പിച്ചു.
ഇലക്ട്രിക് ഉപകരണങ്ങളുടെ പരിപാലനം ഉറപ്പാക്കുകയും അപകട സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അഗ്നിശമന സേന വിഭാഗം അറിയിച്ചു. സ്റ്റോറേജ് വെയർഹൗസിലെ തീപിടിത്തം സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.