ദുബൈയിൽ സ്ഫോടനം നടന്നുവെന്ന് വ്യാജ വാർത്ത: റോയിട്ടേഴ്സിന് എതിരെ നടപടിയുമായി യു.എ.ഇ

ദുബൈ: ദുബൈയിൽ സ്ഫോടനം നടന്നുവെന്ന് വ്യാജ റിപ്പോർട്ട് നൽകിയതിന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനെതിരെ യു.എ.ഇ നിയമനടപടി ആരംഭിച്ചു. വാർത്താ ഏജൻസിയുടെ റിപ്പോർട്ടറെ പബ്ലിക് പ്രോസിക്യൂഷൻ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. മുതിർന്ന എഡിറ്റോറിയൽ മേധാവികളെയും അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്തും.

കഴിഞ്ഞദിവസമാണ് ദുബൈ ഡൗൺടൗണിൽ സ്ഫോടനശബ്ദം കേട്ടുവെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് വാർത്ത നൽകിയത്. ഈ റിപ്പോർട്ട് നിഷേധിച്ച് രംഗത്ത് വന്ന ദുബൈ ഗവ. മീഡിയ ഓഫീസ് വാർത്ത വാസ്തവവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ, വാർത്ത പിൻവലിച്ച് റോയിട്ടേഴ്സ് ഖേദപ്രകടനവും നടത്തി. റിപ്പോർട്ട് തങ്ങളുടെ നിലവാരത്തിന് ചേർന്നതായിരുന്നില്ലെന്നും നിജസ്ഥിതി പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും വാർത്താ ഏജൻസി ക്ഷമാപണത്തിൽ പറഞ്ഞിരുന്നു.

എന്നാൽ, ക്ഷമാപണം കൊണ്ടും വാർത്ത പിൻവലിച്ചത് കൊണ്ടും നിയമനടപടികളിൽനിന്ന് ഒഴിവാകാനാവില്ലെന്ന് യു.എ.ഇ അറ്റോർണി ജനറൽ കൗൺസലർ ഡോ. ഹമദ് സെയ്ഫ് അൽശംസി പറഞ്ഞു. നിയമനടപടികളുടെ ഭാഗമായി ഏജൻസിയുടെ റിപ്പോർട്ടറെ പബ്ലിക് പ്രോസിക്യൂഷൻ വിളിച്ചുവരുത്തി മൊഴിയെടുത്തു. വാർത്ത പരിശോധിച്ചവരും, പ്രസിദ്ധീകരണത്തിന് അനുമതി നൽകിയവരുമായ മുതിർന്ന എഡിറ്റോറിയൽ മേധാവികളെയും വിളിച്ചുവരുത്തി മൊഴിയെടുക്കും. ഇത്തമൊരു വാർത്ത നൽകാനുള്ള സാഹചര്യം എന്താണെന്നും, വാർത്തയുടെ നിജസ്ഥിതി പരിശോധിക്കുന്നതിൽ വീഴ്ചവന്നിട്ടുണ്ടോ എന്നും പ്രോസിക്യൂഷൻ അന്വേഷിക്കും. ചട്ടങ്ങൾ പാലിക്കാതെയാണ് വാർത്ത നൽകിയതെങ്കിൽ ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് അറ്റോർണി ജനറൽ പറഞ്ഞു.

Tags:    
News Summary - Fake news of an explosion in Dubai: UAE takes action against Reuters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.