രാജ്യത്ത്​ തൊഴിൽ നിയമലംഘനങ്ങൾ കുറയുന്നു

ദുബൈ: പരിശോധനകളും നിയമനടപടികളും ശക്​തമാക്കിയതോടെ രാജ്യത്ത്​ തൊഴിൽ നിയമലംഘനങ്ങളിൽ വലിയ രീതിയിൽ കുറവ് രേഖപ്പെടുത്തിയതായി മാനവ വിഭവ ശേഷി, സ്വദേശിവത്​കരണ മന്ത്രാലയം. കഴിഞ്ഞ വർഷം തൊഴിൽ നിയമലംഘനങ്ങളിൽ സംഭവിച്ചത്​ 13 ശതമാനത്തിന്‍റെ കുറവാണ്​. അതോടൊപ്പം നിയമം പാലിക്കുന്നതിൽ 34 ശതമാനത്തിന്‍റെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ്​ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്​തമാക്കുന്നത്​.

തൊഴിൽ വിപണിയിൽ നിർമിത ബുദ്ധി (എ.ഐ) സാ​ങ്കേതികവിദ്യ അധിഷ്ഠിതമായ ഭരണ സംവിധാനങ്ങളുടെ സ്വാധീനം വർധിച്ചുവെന്നാണ്​ ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന്​ മന്ത്രാലയം വ്യക്​തമാക്കി. കർശനമായ മേൽനോട്ടവും നിയമം നടപ്പിലാക്കലുമാണ്​ സ്വകാര്യ മേഖലയിൽ നിയമ ലംഘനം കുറയാനുള്ള പ്രധാന കാരണം. കഴിഞ്ഞ വർഷം സ്വകാര്യ മേഖലകളിൽ 695,000 പരിശോധനകളാണ്​ മന്ത്രാലയം നടത്തിയത്​. തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച്​ പരിശോധനകളിൽ നാല്​ ശതമാനത്തിന്‍റെ വർധനവാണുണ്ടായത്​. ഫെഡറൽ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച്​ നടത്തിയ​ 3000ത്തിലധികം സംയുക്​ത ക്യാമ്പയ്​നുകളുടെ പിന്തുണയോടെയാണ്​ സംരംഭം നടപ്പിലാക്കിയത്​.

നൂതനമായ ഡിജിറ്റൽ ഉപകരണങ്ങൾ, ഡാറ്റ അധിഷ്ഠിത റിസ്ക്​ ഇൻഡികേറ്ററുകൾ എന്നിവ ഉപയോഗിച്ച്​ ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ള മേഖലകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എന്നാൽ, പരിശോധനകളുടെ അളവ്​ കൂടിയെങ്കിലും നിയമലംഘനങ്ങളുടെ എണ്ണം കുറവാണ്​. ബിസിനസ്​ സ്ഥാപനങ്ങൾക്കിടയിൽ നിയമം അനുസരിക്കുന്നതിലേക്കുള്ള മാറ്റമാണ്​ ഇത്​ പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം വ്യക്​തമാക്കി.

സ്വദേശി വത്​കരണ നയങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിലും വ്യാജ സ്വദേശിവത്​കരണ നിയമനങ്ങളിലും 62 ശതമാനത്തിന്‍റെ കുറവും സംഭവിച്ചിട്ടുണ്ട്​. കൂടാതെ തൊഴിൽ സാഹചര്യങ്ങൾ, തൊഴിൽ ആരോഗ്യം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളും ഗണ്യമായി കുറഞ്ഞു. തൊഴിലാളികളുടെ താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ 30 ശതമാനത്തിന്‍റെ കുറവും രേഖപ്പെടുത്തി. ഇത്​ തൊഴിലാളികളുടെ ജീവിതാവസ്ഥ മെച്ചപ്പെടുന്നതിന്‍റെ സൂചനയാണ്​.

കഴിഞ്ഞ വർഷം 2,600 നിയമലംഘന കേസുകളാണ്​ പബ്ലിക്​ പ്രോസിക്യൂഷന്​ മന്ത്രാലയം കൈമാറിയത്​. വേതനം നൽകാതിരിക്കൽ, വൈകൽ, സാധുവായ പെർമിറ്റില്ലാതെ ജോലി ചെയ്യൽ, വ്യാജ സ്വദേശിവത്​കരണ നടപടികൾ, തൊഴിലാളികൾക്ക്​ അംഗീകൃതമായ രീതിലുള്ള താമസ സൗകര്യങ്ങൾ ഒരുക്കുന്നതിലെ വീഴ്ച എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ്​ നിയമനടപടികൾക്കായി കൈമാറിയത്​. അതേസമയം, രാജ്യത്തെ തൊഴിൽശക്​തിയുടെ വളർച്ച 12.4 ശതമാനത്തിലെത്തിയിട്ടുണ്ട്​. 2025ൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണത്തിൽ 7.8 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - Labor law violations are decreasing in the country.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.