‘സുരക്ഷിത തലമുറക്കായി’ ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി

ജുബൈൽ: കുട്ടികൾക്ക് മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് അനുയോജ്യമായ, മികച്ചൊരു ചുറ്റുപാടും സ്നേഹനിർഭരമായ അന്തരീക്ഷവും കുടുംബത്തിൽ സൃഷ്ടിക്കാൻ രക്ഷിതാക്കൾ പരമാവധി പരിശ്രമിക്കണമെന്ന് കുസാറ്റ് മുൻ സെനറ്റ് മെമ്പറും കേരള എക്സൈസ് ഡിപ്പാർട്മെൻറ് സിവിൽ എക്സൈസ് ഓഫിസറുമായ സി.കെ. സലാഹുദ്ദീൻ പ്രസ്താവിച്ചു.

പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സുരക്ഷിത തലമുറക്കായി’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ബോധവത്കരണ പരിപാടിയിൽ പഠനക്ലാസ് നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ ലഹരിയുടെ കെണിയിൽ അകപ്പെടുന്ന വിവിധ സാഹചര്യങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് കൃത്യമായ അവബോധം വേണമെന്നും അവരുടെ സൗഹൃദവലയങ്ങളെ കുറിച്ച് അറിവുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലഹരിയുടെ വലയിൽ അകപ്പെടുന്ന കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നത് വലിയ വെല്ലുവിളിയാണ്. സർക്കാർ സംവിധാനങ്ങൾ ഇത്തരത്തിൽ പെട്ടുപോകുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി ഒരുപാട് ഊർജ്ജം ചെലവഴിക്കുന്നുണ്ട്.

ഉറക്കമൊഴിഞ്ഞ് പഠിക്കുന്നതിനായി പോലും ചില വിദ്യാർത്ഥികൾ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത് കണ്ടുവരുന്നു. മാരകമായ ഭവിഷ്യത്തുകളാണ് ഇത് മൂലം ഉണ്ടാകുന്നത്. ലഹരി ശൃംഖലയിൽ കുട്ടികളുടെ സുഹൃത്തുക്കൾ ഉൾപ്പെടെ ആരുവേണമെങ്കിലും കണ്ണികളാകാം.

ലഹരിക്കായി എന്തുചെയ്യാനും മടിക്കാത്ത ഇവർ പിന്നീട് മയക്കുമരുന്ന് വില്പനക്കാരായി മാറാനും സാധ്യതയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. നിരവധി രക്ഷിതാക്കൾ പങ്കെടുത്ത പരിപാടി പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യാ പ്രസിഡൻറ് അബ്ദുൽറഹീം തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജുബൈൽ ഘടകം പ്രസിഡൻറ് ശിഹാബ് മങ്ങാടൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം ആലുവ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി നിയാസ് നാരകത്ത് നന്ദി പറഞ്ഞു.

Tags:    
News Summary - 'Safe Generation': Pravasi Welfare Jubail Regional Committee organizes awareness program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.