എക്സ്പോയിൽ കെ.എം.സി.സിയുടെ കേരളീയം
പരിപാടിയിൽ നടന്ന ഒപ്പന
ദുബൈ: ദുബൈ എക്സ്പോ വേദിയിൽ യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ഒരുക്കിയ 'കേരളീയം' ശ്രദ്ധേയമായി. എക്സ്പോ സന്ദർശകരായ വിവിധ രാജ്യക്കാർക്ക് മുന്നിലാണ് കേരളത്തിെൻറ കലയും സംസ്കാരവും പ്രതിഫലിക്കുന്ന പ്രദർശനം കെ.എം.സി.സിയുടെ കലാകാരന്മാർ അവതരിപ്പിച്ചത്. 130കലാപ്രതിഭകളാണ് വിവിധ കലാ ആവിഷ്കാരങ്ങളുമായി വേദികളെ വർണാഭമാക്കിയത്. കലാപ്രകടനങ്ങൾക്കുള്ള പ്രത്യേക വേദിയിലായിരുന്നു പ്രദർശനം.
കേരളീയം പ്രദർശനം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, വനിത ലീഗ് നേതാവ് സുഹറ മമ്പാട്, യഹിയ തളങ്കര എന്നിവർ സംസാരിച്ചു. ഒപ്പന, ദഫ്മുട്ട്, കോൽകളി, മോഹിനിയാട്ടം കലാകാരന്മാരുടെ പ്രകടനങ്ങൾക്ക് പുറമേ, ദൃഢനിശ്ചയ വിഭാഗത്തിലെ കുട്ടികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. റിഥം മ്യൂസിക് സ്കൂൾ, നർത്തിത സ്കൂൾ ഓഫ് മ്യൂസിക്, ശ്രീചിത്ര സൂരജ്, വൈസ്മെൻ ക്ലബ് ഈസ്റ്റ് കോസ്റ്റ് ഫുജൈറ,സുമി അരവിന്ദ് ആൻഡ് ടീം തുടങ്ങിയ കലാസംഘങ്ങളുമായി സഹകരിച്ചാണ് കെ.എം.സി.സി കേരളീയം ഒരുക്കിയത്.
ദുബൈ എക്സ്പോ വേദിയിലെ ഇന്ത്യൻ പവിലിയനിലെ ആംഫി തിയറ്ററിൽ എക്സ്പോ 2020ൽ ഔദ്യോഗിക പങ്കാളിയായ കെ.എം.സി.സിയുടെ സാംസ്കാരിക പ്രകടനങ്ങൾക്ക് തുടക്കം കുറിച്ച് നേരത്തേ കലാസന്ധ്യ അരങ്ങേറിയിരുന്നു. കെ.എം.സി.സി സംഘടിപ്പിച്ച കേരളീയം പ്രദർശനവും പ്രേക്ഷകരുടെ ഹൃദയം കവർന്നു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ അവതരണം ലോകവേദിയിൽ സന്നിഹിതരായ വിദേശ പൗരന്മാർക്കും അറബ് സമൂഹത്തിനും ആവേശം പകർന്ന കാഴ്ചയായി. ഇന്ത്യൻ കൺസുലേറ്റ് പ്രതിനിധികളും എക്സ്പോ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. പുത്തൂർ റഹ്മാൻ അധ്യക്ഷതവഹിച്ചു. അൻവർ നഹ സ്വാഗതവും നിസാർ തളങ്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.