എയർ ഇന്ത്യ മിഡിലീസ്റ്റ് നോര്‍ത്ത് ആഫ്രിക്ക റീജനൽ മേധാവി പര്‍മീന്ദര്‍ പാല് സിങ്ങിന് കെ.എം.സി.സി നേതാക്കളായ പുത്തൂര്‍ റഹ്മാന്, പി.കെ. അന്‍വര്‍ നഹ എന്നിവർ നിവേദനം നൽകുന്നു
ദുബൈ: പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര അസാധ്യവും ദുസ്സഹവുമാക്കിയ എയര്‍ ഇന്ത്യയുടെ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കെ.എം.സി.സി നേതാക്കള്‍ വിമാനക്കമ്പനിയുടെ മിഡിലീസ്റ്റ് നോര്‍ത്ത് ആഫ്രിക്ക റീജനൽ മേധാവിയെ കണ്ടു. ദുബൈയിലുള്ള പര്‍മീന്ദര്‍ പാല് സിങ്ങുമായാണ് കെ.എം.സി.സി നേതാക്കളായ പുത്തൂര്‍ റഹ്മാന്, പി.കെ. അന്‍വര്‍ നഹ എന്നിവർ കൂടിക്കാഴ്ച നടത്തിയത്.
സെക്ടറിലെ സര്‍വിസുകള്‍ വെട്ടിക്കുറച്ചതും ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതും സാധാരണക്കാരായ പ്രവാസികളെ എത്രത്തോളം പ്രയാസത്തിലാക്കുന്നു എന്നതും വിമാനക്കമ്പനിയുടെ നിലപാടുകള്‍ കടുത്ത ചൂഷണമായാണ് പ്രവാസികള്‍ കരുതുന്നതെന്ന കാര്യവും നേതാക്കള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. എയര്‍ഇന്ത്യ പ്രശ്നം പഠിച്ചുവരുന്നതായും സാധ്യമായ പരിഹാരം കണ്ടെത്തുമെന്നും പര്‍മീന്ദര്‍ പാല് സിങ് പ്രതികരിച്ചതായി നേതാക്കൾ പറഞ്ഞു.
യു.എ.ഇയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ സര്‍വിസുകള്‍ അവസാനിപ്പിച്ച സമയത്തുതന്നെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി വ്യോമയാന മന്ത്രാലയത്തെയും കോൺസുലേറ്റുകളെയും സമീപിച്ചിരുന്നു. കേരളത്തില്‍നിന്നുള്ള എം.പിമാരെയും പ്രശ്നത്തില്‍ ഇടപെടീക്കാന്‍ കെ.എം.സി.സി ശ്രമം നടത്തിയിരുന്നു.
അതിനായി എം.പിമാര്‍ക്കും മറ്റും നിവേദനമായി കത്തുകളും എഴുതി. ദേശീയ വിമാനക്കമ്പനികള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറ്റംചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രവാസി സംഘടനകളെ ഉള്‍പ്പെടുത്തിയുള്ള വിപുലമായ പ്രതികരണം പ്രവാസ ലോകത്തുനിന്നും സംഘടിപ്പിക്കാനാണ് കെ.എം.സി.സിയുടെ തീരുമാനം. കൂടുതല്‍ സജീവമായ പ്രതികരണങ്ങള്‍ സംഘടിപ്പിക്കാനായി വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രവാസി സംഘടനകളുടെ സംയുക്ത യോഗം വിളിക്കുമെന്ന് കെ.എം.സി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.