അൽെഎൻ: കേരളത്തിലെ വിമാനത്താവളങ്ങളിൽ ലഗേജുകൾ പൊട്ടിച്ച് മോഷണം നടത്തുന്ന സംഭവങ്ങൾ വർധിക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം മോഷണം അരങ്ങേറിയെന്ന പരാതി യാത്രക്കാരുടെ ആശങ്ക വർധിപ്പിക്കുന്നു. സ്വർണാഭരണം, വാച്ച്, പണം തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്.
വിമാനത്തിൽനിന്ന് കൺവെയർ ബെൽറ്റിലേക്ക് ലഗേജ് മാറ്റുന്നിടത്ത് വെച്ചാണ് പെട്ടികൾ പൊട്ടിക്കുന്നതെന്നാണ് കരുതുന്നത്.
ഗൾഫിലെ വിമാനത്താവളങ്ങളിൽനിന്ന് വിമാനം കയറാൻ നേരത്ത് വിമാനക്കമ്പനി ജീവനക്കാർ വാങ്ങി സാധാരണ ലഗേജിൽ ഇടുന്ന ബാഗുകളിൽനിന്നാണ് മോഷണം. ഹാൻഡ്ബാഗായി കൊണ്ടുപോകാമെന്ന ധാരണയിൽ വിലപിടിപ്പുള്ള വസ്തുക്കൾ ഇത്തരം ബാഗുകളിലാക്കിയാണ് യാത്രക്കാർ എത്തുക.
എന്നാൽ, ബാഗ് വലിപ്പം കൂടിയതാണെങ്കിൽ വിമാനം കയറുന്നതിന് തൊട്ടുമുമ്പ് ജീവനക്കാർ ലഗേജിലേക്ക് മാറ്റും. കൈയിൽ വെക്കുന്ന ബാഗാണെന്ന് കരുതി ഉറപ്പുള്ള പൂട്ടുകളോ മറ്റു സംവിധാനങ്ങളോ ഒരുക്കുന്നതിന് യാത്രക്കാർ ശ്രദ്ധിക്കുകയുമില്ല. ഇതാണ് മോഷ്ടാക്കൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നത്.
ഇത്തരം മോഷണങ്ങൾക്ക് തങ്ങൾ ഉത്തരവാദികളല്ല എന്ന പ്രതികരണമാണ് സാധാരണ വിമാന കമ്പനികളിൽനിന്ന് യാത്രക്കാർക്ക് ലഭിക്കുന്നത്. അതിനാൽ നഷ്ടപരിഹാരം പോലും യാത്രക്കാരന് ലഭിക്കുന്നില്ല.
വിമാനത്താവള അധികാരികളുടെ നിസ്സംഗതയാണ് മോഷണം ആവർത്തിക്കാൻ കാരണമെന്ന് എയർലൈൻ സെയിൽസ് എക്സിക്യൂട്ടീവ് ജാബിർ മാടമ്പാട്ട് പറഞ്ഞു. വിമാനത്തിൽനിന്ന് ഇറങ്ങുന്ന സ്ഥലം മുതൽ എമിഗ്രേഷൻ കഴിയുന്നത് വരെയുള്ള സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കണം. യാത്രക്കാർ ചെറിയ ഹാൻഡ് ബാഗ് ഉപയോഗിക്കണം. കൈയിൽ കരുതുന്നതാണെന്ന് കരുതി ഉറപ്പുള്ള പൂട്ടുകൾ ഇടാൻ മടിക്കരുത്. വിലപിടിപ്പുള്ള ആഭരണങ്ങൾ, മൊബൈൽ ഫോണുകൾ, വാച്ച്, പണം തുടങ്ങിയവ പോക്കറ്റിൽ തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.