ദുബൈ: ഈ വർഷം യു.എ.ഇയിൽ തൊഴിൽ അവസരങ്ങൾ വർധിക്കുമെന്ന് വിദഗ്ദർ. കഴിഞ്ഞ മാസങ്ങളിലെ ഉണർവും പുതിയ ബിസിനസ് സാധ്യതകളുമാണ് ഈ കണക്കിന് ആധാരം. യു.എ.ഇയിൽ എത്തുന്ന നിരവധി പേർ തൊഴിൽ ലഭിക്കാതെ മടങ്ങുന്നുണ്ട് എന്നത് വസ്തുതയാണെങ്കിലും പുതിയ സ്ഥാപനങ്ങൾ പിറവിയെടുക്കുന്നത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദരും സർവേകളും വ്യക്തമാക്കുന്നത്. 2022ന്റെ അവസാന പാദത്തിൽ തൊഴിൽ അവസരം ഗണ്യമായി വർധിച്ചത് ഈ കണക്ക് കൂട്ടലിന് ബലം പകരുന്നു.
യു.എ.ഇയിലെ തൊഴിൽ അവസരങ്ങളുടെ എണ്ണത്തേക്കാൾ ഇരട്ടിയിലേറെ ആളുകളാണ് ഇവിടേക്ക് ജോലി തേടിയെത്തുന്നത്. ഇതാണ് പലർക്കും പ്രതീക്ഷിച്ച രീതിയിലുള്ള തൊഴിൽ ലഭിക്കാതിരിക്കാൻ കാരണം. എന്നാൽ, മികച്ച അക്കാദമിക് പ്രൊഫൈലും പ്രവൃത്തി പരിചയവുമുള്ളവർക്ക് ഇവിടെ അവസരങ്ങളുണ്ട്. ഇതോടൊപ്പം ഡ്രൈവിങ് ലൈസൻസാണ് മറ്റൊരു മുഖ്യ ഘടകം. യു.എ.ഇയിൽ ഈ വർഷം തൊഴിൽ അവസരം വർധിക്കുമെന്ന് എസ് ആൻഡ് പി ഗ്ലോബൽ പർച്ചേസിങ് മാനേജേഴസ് ഇൻഡക്സ് വ്യക്തമാക്കുന്നു. ജൂൺ ഒന്നിന് പുതിയ കോർപറേറ്റ് ടാക്സ് നിലവിൽ വരുന്നതോടെ അക്കൗണ്ടിങ്, ടാക്സ് പ്രൊഫഷനലുകൾക്ക് മുന്നിൽ കൂടുതൽ അവസരങ്ങൾ തുറക്കും.
ഇതിന് പുറമെ, ഈ വർഷം പത്ത് ശതമാനം ശമ്പള വർധനവുണ്ടാകുമെന്നും സർവേ വ്യക്തമാക്കിയിരുന്നു. വിദഗ്ദ ജീവനക്കാരുടെ അഭാവമാണ് ശമ്പള വർധനവിലേക്ക് സ്ഥാപനങ്ങളെ നയിക്കുക. യു.എ.ഇയിലെ ഉയർന്ന ജീവിതച്ചെലവാണ് സ്ഥാപനങ്ങളെ ശമ്പള വർധനവിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം. മികച്ച ശമ്പളം നൽകിയില്ലെങ്കിൽ മികച്ച ജീവനക്കാരെ ലഭിക്കില്ല എന്ന അവസ്ഥയുണ്ട്.
ജോബ് പോർട്ടലുകളായ ബെയ്ത്, യു ഗോവ് എന്നിവ നടത്തിയ സർവേയിൽ 53 ശതമാനം ജീവനക്കാരും ഈ വർഷം ശമ്പള വർധനവ് പ്രതീക്ഷിക്കുന്നു. 26 ശതമാനം ജീവനക്കാർക്കും ശമ്പളമായി ലഭിക്കുന്നത് അടിസ്ഥാന ശമ്പളം മാത്രമാണ്. എന്നാൽ, 57 ശതമാനം ജീവനക്കാർക്കും അടിസ്ഥാന ശമ്പളത്തിനൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. 30 ശതമാനം സ്ഥാപനങ്ങൾ ഓവർ ടൈമിന് അധിക ശമ്പളം നൽകുന്നുണ്ടെന്നും സർവേയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.