യാംബു: റമദാനിലെ നോമ്പുതുറയുടെയും അത്താഴത്തിെൻറയും സമയം അറിയിച്ച് മക്കയിൽ മുഴങ്ങിയിരുന്ന പീരങ്കി ശബ്ദം നിലച്ചിട്ട് എട്ടു വർഷം. മക്കയിലെ അബൂ അൽ മദഫ പർവതമുകളിൽ അരനൂറ്റാണ്ട് മുടങ്ങാതെ നിലനിന്നിരുന്ന ഈ റമദാൻ ശബ്ദത്തിെൻറ ഓർമകൾ അയവിറക്കുന്നവരാണ് പ്രദേശവാസികൾ.
റമദാൻ ചന്ദ്രക്കല ദൃശ്യമായാൽ അബൂ അൽ മദഫ പർവതമുകളിൽ പീരങ്കിയൊച്ച ഉയരുന്നത് കേൾക്കാനും അത് പ്രവർത്തിക്കുന്നത് കാണാനും പ്രദേശവാസികൾക്ക് വലിയ ആവേശമായിരുന്നു. വർഷങ്ങളോളം വിശുദ്ധ മാസത്തിൽ നോമ്പ് തുറക്കാൻ ഈത്തപ്പഴവും സംസം വെള്ളവും കൈയിൽ പിടിച്ച് പീരങ്കിയുടെ ശബ്ദവും പ്രതീക്ഷിച്ച് മക്കാ നിവാസികൾ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു.
റമദാൻ മാസപ്പിറവി പ്രഖ്യാപനത്തോടെ തുടക്കം കുറിക്കുന്ന പീരങ്കി ശബ്ദം പെരുന്നാൾ തലേന്നു വരെ തുടരുമായിരുന്നു. വ്രതനാളുകളിൽ പ്രഭാത നമസ്കാരത്തിെൻറ ബാങ്ക് സമയത്തും നോമ്പു തുറക്കുന്ന സമയത്തും രാത്രി അത്താഴത്തിന് വിളിച്ചുണർത്താനും മുഴങ്ങുന്ന പീരങ്കി വെടി മുഴക്കം ഗൃഹാതുരമായ ഓർമകളാണ് മക്കയിലെ ആളുകൾക്കിപ്പോഴും. സൗദി പൊലീസിലെ പ്രത്യേക വിഭാഗമായിരുന്നു റമദാനിലെ പീരങ്കി വെടിയുടെ ഉത്തരവാദിത്തം നിർവഹിച്ചിരുന്നത്.
പഴമയുടെ ഈ റമദാൻ ആചാരത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. റമദാൻ ആരംഭിക്കുമ്പോൾ പ്രത്യേക സൂക്ഷിപ്പു കേന്ദ്രത്തിൽ നിന്ന് പീരങ്കി കൊണ്ടുവന്ന് അബൂ അൽ മദഫ പർവത മുകളിൽ സ്ഥാപിക്കുകയും നിർണിത സമയങ്ങളിൽ വെടിയുതിർക്കുകയും ചെയ്യുമായിരുന്നു. ഇതു കൈകാര്യം ചെയ്യാൻ പ്രത്യേക പൊലീസ് വിഭാഗത്തിനായിരുന്നു ചുമതല. റമദാൻ വിട വാങ്ങുന്നതോടെ പീരങ്കി തിരികെ സൂക്ഷിപ്പു കേന്ദ്രത്തിൽ തന്നെ കൊണ്ടുവെക്കുകയും ചെയ്യുമായിരുന്നു.
ആധുനിക സംവിധാനങ്ങളും മൊബൈൽ ഫോൺ ഉപയോഗം വർധിച്ചതും പീരങ്കി ശബ്ദം വഴി സമയം അറിയിക്കുന്നതിെൻറ പ്രസക്തി നഷ്ടപ്പെടുത്തി. കുറെ കാലം ഒരു റമദാൻ ആചാരമെന്ന നിലയിൽ മക്കയിൽ നിലനിന്നിരുന്ന പീരങ്കി വെടിമുഴക്കൽ എട്ടുവർഷം മുമ്പ് അവസാനിപ്പിച്ചു. എന്നാൽ, രാജ്യത്തെ മറ്റു ചില പ്രദേശങ്ങളിൽ ഈ സംവിധാനം ഇന്നും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.