റാസല്‍ഖൈമ: ആഗോള അവസരങ്ങളും റാസല്‍ഖൈമയിലെ നിക്ഷേപ സാധ്യതകളും പരിചയപ്പെടുത്തുന്ന നിക്ഷേപ-വാണിജ്യ ഉച്ചകോടി റാസല്‍ഖൈമയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കും.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ റാക് ഇക്കണോമിക് സോണിന്റെ (റാകിസ്) നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് ഉച്ചകോടിക്ക് അല്‍ഹംറ ഇന്റര്‍നാഷനല്‍ എക്സിബിഷന് സെന്ററാണ് വേദിയാകുന്നത്. രാവിലെ ഒമ്പതിന് രജിസ്ട്രേഷന് ആരംഭിക്കും. പത്ത് മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഉച്ചകോടിയില്‍ പ്രാദേശിക-ദേശീയ-അന്തര്‍ദേശീയ രംഗത്തെ വിദഗ്ധര്‍ വിവിധ സെഷനുകളില്‍ സദസ്സിനെ അഭിസംബോധന ചെയ്യും.
ഉൽപാദനം, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ റാസല്‍ഖൈമയിലെ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിന് ഉച്ചകോടി അവസരമൊരുക്കും. വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍ തുടങ്ങി മേഖലയിലെ നിക്ഷേപ-വാണിജ്യ മേഖലയിലെ ഭാവി രൂപപ്പെടുത്തുന്നവരുടെ ഒത്തുചേരലിനുള്ള അവസരമായി ഉച്ചകോടി മാറും. വ്യവസായ വിദഗ്ധരില്‍ നിന്ന് ഉള്‍ക്കാഴ്ചകള്‍ നേടാനും പ്രമുഖ ബിസിനസ് ഗ്രൂപ്- സ്ഥാപനങ്ങളില്‍ നിന്നുള്ള നൂതന ഉൽപന്നങ്ങളെ പരിചയപ്പെടുന്നതിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഉച്ചകോടി വഴിയൊരുക്കും.
സര്‍ക്കാര്‍ പ്രതിനിധികള്‍, വിദഗ്ധര്‍, പ്രശസ്ത ബിസിനസ് വ്യക്തിത്വങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍, ഉൽപാദനം, ടൂറിസം, സമുദ്ര വ്യാപാരം തുടങ്ങി വ്യത്യസ്ത മേഖലകളിലെ പുതിയ പ്രവണതകള്‍, വെല്ലുവിളികള്‍, അവസരങ്ങള്‍ എന്നിവയെക്കുറിച്ച ചര്‍ച്ചകള്‍ നടക്കും. പാനല്‍ ചര്‍ച്ചകള്‍, ബിസിനസ് മീറ്റ്, നെറ്റ്വർക്കിങ് സെഷനുകള്‍ എന്നിവയിലൂടെ പുതിയ ബിസിനസ് ബന്ധങ്ങള്‍ വളര്‍ത്തുന്നതിന് സഹായിക്കും. പുതിയ സാങ്കേതിക വിദ്യകള്‍, നൂതനാശയങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഉച്ചകോടിയില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.