ദുബൈ: അഗ്നിശമന, സുരക്ഷ രംഗത്തെ ഏറ്റവും നൂതനമായ സംവിധാനങ്ങളും ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന ‘ഇന്റർസെക്’ പ്രദർശനത്തിന് തുടക്കം. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ചൊവ്വാഴ്ച ആരംഭിച്ച മൂന്നുദിവസത്തെ മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 800 പ്രദർശകർ എത്തിച്ചേർന്നിട്ടുണ്ട്. വേൾഡ് ട്രേഡ് സെൻററിൽ 48,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഒമ്പത് ഹാളുകളിലായാണ് പവലിയനുകൾ ഒരുക്കിയത്.
ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ആസ്ട്രേലിയ, യു.കെ, യൂറോപ്, മിഡിൽ ഈസ്റ്റ്, ബാൽക്കൻ രാജ്യങ്ങൾ, റഷ്യ, അമേരിക്ക, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ 55 രാജ്യങ്ങളിൽനിന്ന് പ്രതിനിധികളെത്തിയിട്ടുണ്ട്. വിദ്യാർഥികൾക്കും സൈബർ സുരക്ഷ മേഖലയിലെ പ്രഫഷനലുകൾക്കുമായി സൈബർ സുരക്ഷ ബോധവത്കരണ സെഷനുകളും ‘ഇന്റർസെകി’ൽ ഈ വർഷം ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 54 ശതമാനം അധികം പ്രദർശകരാണ് ഇത്തവണ ‘ഇന്റർസെകി’ൽ പങ്കെടുക്കുന്നത്. 180 പ്രദർശകരാണ് ആദ്യമായി മേളക്കെത്തിയത്. യു.എ.ഇയിൽനിന്നുമാത്രം 42 പുതിയ എക്സിബിറ്റർമാർ പങ്കെടുക്കുന്നുണ്ട്. കാനഡ, ചൈന, ചെക് റിപ്പബ്ലിക്, ഫ്രാൻസ്, ജർമനി, ഇറ്റലി, ദക്ഷിണാഫ്രിക്ക, സിംഗപ്പൂർ, തുർക്കി, യു.കെ എന്നീ രാജ്യങ്ങൾക്ക് സ്വന്തമായ പവലിയനുകളും ഒരുക്കിയിട്ടുണ്ട്. മേളയുടെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളിലായി രക്ഷാപ്രവർത്തന മേഖലകളിലെ 150ലേറെ വിദഗ്ധർ സദസ്സിനോട് സംവദിക്കുകയും ചെയ്യും.
വലിയ ഇവന്റുകളുടെ സെക്യൂരിറ്റി മാനേജ്മെന്റ് സംബന്ധിച്ച് പരിചയപ്പെടുത്തുന്ന ഫിഫ സേഫ്റ്റിയും സെക്യൂരിറ്റി ആൻഡ് ആക്സസ് ഡയറക്ടറുടെ സംസാരവുമുണ്ടാകും. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് അനുഭവങ്ങളുടെ വെളിച്ചത്തിലാകും ഇദ്ദേഹം സംവദിക്കുക. യു.എ.ഇ സൈബർ സുരക്ഷ കൗൺസിലിന്റെ സൈബർ സുരക്ഷ കോൺഫറൻസും, ദുബൈ സിവിൽ ഡിഫൻസ് സംഘടിപ്പിക്കുന്ന ഫയർ ആൻഡ് റെസ്ക്യൂ കോൺഫറൻസും ഇക്കൂട്ടത്തിലുണ്ടാകും. ദുബൈ പൊലീസ്, ദുബൈ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനറൽ, ദുബൈ മുനിസിപ്പാലിറ്റി, സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി, യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ, ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ എന്നിവയുടെ പിന്തുണയോടെയാണ് ഇന്റർസെക്-2023 ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.