അബൂദബി: ഇൻഡിഗോ യാത്രക്കാർക്കായി അബൂദബിയിലും അൽ ഐനിലും സിറ്റി ചെക്ക് സൗകര്യവുമായി മൊറാഫിഖ് ഏവിയേഷൻ സർവീസസ്. ഇന്ത്യയിലെ 16 വിമാനത്താവളങ്ങളിലേക്ക് ഇൻഡിഗോ വിമാനത്തിൽ യാത്ര നടത്തുന്നവർക്ക് ഇനി മുതൽ യാത്രയുടെ 24 മുതൽ നാലു മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള സൗകര്യമാണ് സിറ്റി ചെക്ക്-ഇൻ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. ബാഗേജുകൾ നൽകി ബോർഡിങ് പാസ് എടുക്കുന്നവർക്ക് വിമാനത്താവളത്തിലെ നീണ്ട ക്യൂവിൽ നിൽക്കാതെ, നേരെ എമിഗ്രേഷൻ വിഭാഗത്തിലേക്ക് പോകാനാകും എന്നതാണ് സിറ്റി ചെക്ക്-ഇൻ സൗകര്യത്തെ ജനപ്രിയമാക്കുന്നത്.
അബൂദബി മീന ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സിറ്റി ചെക്ക്-ഇൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുസ്സഫയിലെ ഷാബിയാ പതിനൊന്ന്, യാസ് മാളിലെ ഫെരാരി വേൾഡ് എൻട്രൻസ്, അൽ ഐനിലെ കുവൈറ്റാറ്റ് ലുലു മാൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 മണി വരെയുമാണ് സിറ്റി ചെക്ക്-ഇൻ സൗകര്യം. അൽ ഐനിൽ സെപ്റ്റംബർ ഒന്ന് മുതലാണ് ഇൻഡിഗോ യാത്രക്കാർക്ക് സിറ്റി ചെക്-ഇൻ സൗകര്യം ആരംഭിക്കുക.
അൽ ഐൻ കേന്ദ്രത്തിൽ സിറ്റി ചെക്ക്-ഇൻ ചെയ്യുന്നതിനുള്ള കുറഞ്ഞ സമയം ഏഴ് മണിക്കൂറാണ്. നിലവിൽ ഇത്തിഹാദ് എയർവേഴ്സ്, എയർ അറേബ്യ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സിറ്റി ചെക്ക്-ഇൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ വീടുകളിൽ എത്തി ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കി ബാഗേജുകൾ സ്വീകരിക്കുന്ന ഹോം ചെക്ക് ഇൻ, അബൂദബി വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ ബാഗേജുകൾ വിമാനത്താവളത്തിൽ നിന്നും വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ എത്തിക്കുന്ന ലാൻഡ് ആൻഡ് ലീവ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 800 6672347 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.