ഇന്ത്യൻ എംബസിയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ജി.ജെ.സി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സ്വർണ വ്യാപാരം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാറുമായി കൂടുതൽ ചർച്ച നടത്തുമെന്ന് ഓൾ ഇന്ത്യ ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജി.ജെ.സി) ചെയർമാൻ സയ്യാം മെഹറ പറഞ്ഞു. യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ വിവിധ ഉദ്യോഗസ്ഥരുമായി രണ്ട് റൗണ്ട് ചർച്ചകൾ നടന്നു. അബൂദബിയിലും ദുബൈലും ആണ് ചർച്ചകൾ നടന്നത്. ചർച്ചയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാറിനെ അറിയിക്കും.
സിപ കരാർ അനുസരിച്ചുള്ള സ്വർണവ്യാപാരം ഇരുരാജ്യങ്ങളും തമ്മിൽ നടത്തിവരുകയാണ്. 15 ശതമാനം ഇറക്കുമതി ചുങ്കം നിലനിൽക്കുന്ന ഇന്ത്യയിൽ ഒരു ശതമാനം ഇളവ് അനുവദിച്ചുകൊണ്ടുള്ള സിപാ കരാർ സ്വർണ വ്യാപാരികൾക്ക് വളരെ ആശ്വാസം നൽകും. 200 ടൺ വരെ സ്വർണം ഒരുവർഷം ഇറക്കുമതി ചെയ്യാൻ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താൻ കഴിയുന്നുണ്ട്. ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് ആഭരണങ്ങൾ ഇറക്കുമതിചെയ്യുന്ന സ്വർണ വ്യാപാരികൾക്ക് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ട്. അവർ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടുവരുന്ന സ്വർണത്തിനുപോലും 11 ലക്ഷം രൂപ ഒരു കിലോ സ്വർണത്തിന് പ്രീമിയം മണി ഡെപ്പോസിറ്റ് ആയി വെക്കുക എന്നുള്ളത് വലിയൊരു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
പ്രീമിയം മണി റിലീസ് ചെയ്യുന്നതിന് വളരെയേറെ കാലതാമസം വരുത്തുന്നത് സ്വർണ വ്യാപാരികൾക്ക് ഏറെ ബുദ്ധിമുട്ടാണ്. ഈ ബുദ്ധിമുട്ട് കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് ജി.ജെ.സി ഡയറക്ടർ എസ്. അബ്ദുൽ നാസർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജി.ജെ.സി വൈസ് ചെയർമാൻ രാജേഷ് റോക്ക്ഡെ, മുൻ ചെയർമാൻ നിധിൻ കണ്ടേൽവാൾ, ചന്തുഭായ് സിറോയ, മുനീർ തങ്ങൾ, ഗൗരവ് ഇസാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.