അബൂദബി: വിവിധ കാറ്റഗറികളിലെ അംഗത്വ കാമ്പയിനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍. പുതിയ അംഗത്വം, മുന്‍ അംഗങ്ങള്‍, 12 മാസം വരെയുള്ള അഫിലിയേറ്റ് അംഗത്വം, കോര്‍പറേറ്റ് അംഗത്വം എന്നിങ്ങനെയാണ് വിവിധ കാറ്റഗറികള്‍. പുതുതായി അംഗത്വമെടുക്കുന്നവര്‍ക്ക് സൗജന്യ സ്പോര്‍ട്സ് പ്രവേശനം നല്കുന്ന പ്രത്യേക ഓഫറുമുണ്ട്. ഒക്ടോബര്‍ 31 വരെ മാത്രമാണ് സ്പെഷല്‍ മെംബര്‍ഷിപ് ഓഫറുള്ളത്. യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളതും സാധുവായ യു.എ.ഇ റസിഡന്റ് വിസയുള്ളവരുമായ ഏതൊരാള്‍ക്കും ഫീസ് അടച്ച് അംഗത്വം സ്വീകരിക്കാവുന്നതാണ്. 3,000 ദിര്‍ഹമാണ് ഒറ്റത്തവണ പ്രവേശന ഫീസ്. വാര്‍ഷിക വരിസംഖ്യയായി 600 ദിര്‍ഹവും നല്‍കണം. ഇതിനുപുറമേ 50 ദിര്‍ഹം സാമൂഹിക ക്ഷേമ സംഭാവനയായും 50 ദിര്‍ഹം വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയമായും നല്‍കണം. വാര്‍ഷിക വരിസംഖ്യക്ക് അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതിയും ബാധകമാണ്.
പുതിയ അംഗങ്ങള്‍ക്ക് ടേബിള്‍ ടെന്നിസിന് പുറമേ ജിം, നീന്തല്‍കുളം, സ്ന്യൂക്കര്, ടെന്നിസ്, സ്ക്വാഷ് എന്നിവയില്‍ ഏതെങ്കിലും മൂന്നിനങ്ങളിൽ സൗജന്യമായി പങ്കെടുക്കാം. അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് (25 വയസ്സില്‍ താഴെയുള്ള അവിവാഹിതരും തൊഴില്‍രഹിതരുമായ മക്കള്‍ക്ക്) 50 ശതമാനം ഇളവോടെ മേല്പറഞ്ഞ കായിക ഇനങ്ങളില്‍ പങ്കെടുക്കാം. കോവിഡ് കാലത്തടക്കം നിരവധി പേര് അംഗത്വം പുതുക്കിയിരുന്നില്ല. അത്തരക്കാര്‍ അടക്കമുള്ള മുന്‍ അംഗങ്ങള്‍ക്ക് ഐ.എസ്.സിയില്‍ വീണ്ടും ചേരാന്‍ 1500 ദിര്‍ഹമാണ് അടക്കേണ്ടത്.
അഫിലിയേറ്റ് അംഗത്വ അപേക്ഷകരെ ഐ.എസ്.സിയിലെ നിലവിലുള്ള രണ്ട് അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്യണം. 1200 ദിര്‍ഹമാണ് വരിസംഖ്യ. 12 മാസത്തെ അഫിലിയേഷന് അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇതിനുശേഷം ജനറല്‍ അംഗത്വത്തിന് അപേക്ഷ സമര്‍പ്പിക്കാം. 10,000 ദിര്‍ഹം അടച്ച് കോര്‍പറേറ്റ് അംഗത്വം എടുക്കുന്നവര്‍ക്ക് ഐ.എസ്.സി കേന്ദ്രം നടത്തുന്ന എല്ലാ പരിപാടികളും വിനോദ, കായിക കേന്ദ്രങ്ങളിലും ഇവര്‍ക്ക് യഥേഷ്ടം പ്രവേശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.