അജ്മാന് : 2024-2025 അധ്യയന വർഷത്തിൽ അജ്മാൻ എമിറേറ്റിലെ സ്വകാര്യ സ്കൂൾ വിദ്യാർഥികളുടെ എണ്ണത്തിൽ 14.3 ശതമാനം വളർച്ച രേഖപ്പെടുത്തി. അഞ്ച് പുതിയ സ്വകാര്യ സ്കൂളുകൾ കൂടി ആരംഭിച്ചതോടെ അജ്മാനിലെ സ്വകാര്യ സ്കൂളുകളുടെ ആകെ എണ്ണം 47 ആയി. രാജ്യത്ത് താമസിക്കുന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള ആൺകുട്ടികളും പെൺകുട്ടികളുമടക്കം 85,000 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
ഏറ്റവും മികച്ച ഫലങ്ങളോടെ ഉയർന്ന നിലവാരത്തിലുള്ള പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായി അജ്മാന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ സമ്പ്രദായത്തിൽ സുസ്ഥിര ഗുണനിലവാരം നടപ്പാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിലും എമിറേറ്റ് നേടിയ വിജയത്തെയാണ് വിദ്യാർഥികളുടെ എണ്ണത്തിലെ വർധന പ്രതിഫലിപ്പിക്കുന്നതെന്ന് അജ്മാനിലെ സ്വകാര്യ വിദ്യാഭ്യാസ കാര്യാലയ ഡയറക്ടർ മഹ്മൂദ് ഖലീൽ അൽ ഹാഷ്മി വ്യക്തമാക്കി.
14 സ്വകാര്യ സ്കൂളുകളാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി നടപ്പാക്കുന്നത്. അഞ്ച് സ്വകാര്യ സ്കൂളുകളിൽ അമേരിക്കൻ പാഠ്യപദ്ധതിയാണ്.
പത്ത് സ്കൂളുകൾ ബ്രിട്ടീഷ് പാഠ്യപദ്ധതി അനുസരിച്ച് പ്രവർത്തിക്കുമ്പോൾ ഒരു സ്കൂൾ ഇന്റർനാഷനൽ ബാക്കലറിയേറ്റ് പാഠ്യപദ്ധതി നടപ്പാക്കുന്നു. സ്വകാര്യ അന്താരാഷ്ട്ര പാഠ്യപദ്ധതിയിൽ പ്രവർത്തിക്കുന്നത് ഒരു സ്കൂൾ മാത്രമാണ്. രണ്ട് വ്യത്യസ്ത പാഠ്യപദ്ധതികൾ (മിനിസ്റ്റീരിയൽ, അമേരിക്കൻ) ഉപയോഗിക്കുന്ന ഒരു സ്കൂളിന് പുറമെ, രണ്ട് സ്കൂളുകൾ പാകിസ്താൻ പാഠ്യപദ്ധതി ഉപയോഗിക്കുന്നു. 13 സ്കൂളുകളാണ് ഇന്ത്യൻ പാഠ്യപദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും മഹ്മൂദ് ഖലീൽ അൽ ഹാഷ്മി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.