പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ആദ്യം ബാധിക്കുന്നത് വ്യക്തിയുടെ മനസ്സിനെയാണ്. ചെറിയ കാര്യങ്ങള്‍ പോലും വലിയ പ്രശ്‌നങ്ങളായി തോന്നുകയും അതിനാല്‍ മാനസിക സമ്മര്‍ദ്ദം കൂടുകയും ചെയ്യും. ഇത് പിന്നീട് മാനസിക ആരോഗ്യത്തെ ബാധിക്കാം. ഈ സ്വഭാവം ബന്ധങ്ങളില്‍ ദോഷം വരുത്തും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും അനാവശ്യമായ വാക്കുകള്‍ പറയാനും തര്‍ക്കങ്ങള്‍ ഉണ്ടാകാനും ഇത് കാരണമാകും. ദേഷ്യം നിയന്ത്രിക്കാനാവാത്തവര്‍ക്ക് ശാരീരിക ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. രക്തസമ്മര്‍ദ്ദം ഉയരുക, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ധിക്കുക എന്നിവക്ക് ഇതു കാരണമാകാം.

Dr. Lissy Shajahan

psychologist

Life Coach, Celebrity Coach Writer

ഓഫീസില്‍ മേലധികാരിയോടോ സഹപ്രവര്‍ത്തകരോടോ പെട്ടെന്ന് ദേഷ്യം കാണിക്കുന്നത് ജോലി നഷ്ടപ്പെടാന്‍ വരെ കാരണമായേക്കും. പല കമ്പനികളും ഇപ്പോള്‍ ‘ഇമോഷണല്‍ ഇന്‍റലിജന്‍സ്’ ഇ.ക്യൂ) പരിശോധിക്കുന്നു. പ്രമോഷന്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കമ്പനികള്‍ ഇത് മാനദണ്ഡമാക്കുന്നു. ദേഷ്യത്തിന്‍റെ ഫലമായി റോഡ് റേജ്, ഗാര്‍ഹിക അതിക്രമം, പൊലീസ് കേസ് തുടങ്ങിയവ വരെ എത്താറുണ്ട്. ഒരു നിമിഷത്തെ ദേഷ്യം മുഴുവന്‍ ജീവിതത്തെയും തകര്‍ക്കാം.

എങ്ങനെ ദേഷ്യം നിയന്ത്രിക്കാം?

തല്‍ക്ഷണ നിയന്ത്രണ മാര്‍ഗങ്ങള്‍ 

(അക്യൂട്ട് ആംഗര്‍ മാനേജ്‌മെന്‍റ്​)

ഉടന്‍ പ്രതികരിക്കാതിരിക്കുക

ദേഷ്യം വരുന്ന സമയത്ത് ഉടനെ പ്രതികരിക്കാതെ കുറച്ച് നിമിഷം നിശബ്ദമായി നില്‍ക്കുക. ആ ഇടവേള പല തെറ്റുകളും ഒഴിവാക്കാന്‍ സഹായിക്കും.

ആഴത്തിലുള്ള ശ്വാസം എടുക്കുക

ശ്വാസം നന്നായി എടുത്ത് വിടുന്നത് മനസ്സ് ശാന്തമാക്കാന്‍ സഹായിക്കും. ഇത് ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കാന്‍ സഹായിക്കുന്ന ലളിതമായ മാര്‍ഗമാണ്.

കാരണങ്ങള്‍ തിരിച്ചറിയുക

എന്താണ് നിങ്ങള്‍ക്ക് ദേഷ്യം വരാന്‍ കാരണമെന്ന് മനസ്സിലാക്കുക. കാരണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അത് ഒഴിവാക്കാനും കൈകാര്യം ചെയ്യാനും എളുപ്പമാകും.

ആശയവിനിമയം മെച്ചപ്പെടുത്തുക

ദേഷ്യം കൊണ്ട് പ്രതികരിക്കുന്നതിന് പകരം, നിങ്ങളുടെ വികാരങ്ങള്‍ ശാന്തമായി മറ്റുള്ളവരോട് പറയാന്‍ ശ്രമിക്കുക. ഇത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.

ദീര്‍ഘകാല പരിഹാരങ്ങള്‍ (ലൈഫ് സ്‌റ്റൈല്‍ മാറ്റം)

വ്യായാമവും യോഗയും: ദിവസവും 30 മിനിറ്റ് നടത്തം, ജോഗിങ് അല്ലെങ്കില്‍ സൂര്യനമസ്‌കാരം ചെയ്യുക. ഇത് സ്‌ട്രെസ് ഹോര്‍മോണുകളെ (കോര്‍ട്ടിസോള്‍) കുറയ്ക്കുന്നു.

ട്രിഗറുകള്‍ തിരിച്ചറിയുക: ഒരു നോട്ട്ബുക്കില്‍ എപ്പോള്‍, ആരോട്, എന്തിന് ദേഷ്യം വരുന്നു എന്ന് രേഖപ്പെടുത്തുക. പലര്‍ക്കും വിശപ്പ്, ഉറക്കക്കുറവ്, ട്രാഫിക് എന്നിവയാണ് ട്രിഗര്‍ എന്ന് ചില പഠനങ്ങളില്‍ പറയുന്നു.

ഡയറ്റും ഉറക്കവും: കഫീന്‍, പഞ്ചസാര എന്നിവ കുറയ്ക്കുക. രാത്രി 7-8 മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാക്കുക.

പ്രൊഫഷണല്‍ സഹായം: ദേഷ്യം ദിവസവും വരുന്നുണ്ടെങ്കില്‍ ഒരു സൈക്കോളജിസ്റ്റിനെയോ കൗണ്‍സിലറെയോ സമീപിക്കുക. കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി ഏറ്റവും ഫലപ്രദമാണ്.

പെട്ടെന്ന് ദേഷ്യം വരുന്നത് ഒരു രോഗമല്ല. അത് ഒരു ശീലമാണ്. ഈ ശീലം മാറ്റാന്‍ നിങ്ങള്‍ തീരുമാനമെടുക്കുകയും ദിവസവും പരിശീലിക്കുകയും വേണം. നല്ല ജീവിതത്തിനും നല്ല ബന്ധങ്ങള്‍ക്കുമായി ക്ഷിപ്ര കോപം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ശാന്തതയും സഹനവും വളര്‍ത്തുമ്പോള്‍ ജീവിതം കൂടുതല്‍ മനോഹരമാകുമെന്ന് മറക്കരുത്.

Tags:    
News Summary - Dangers of anger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.