‘നരേറ്റീവ്സ് ഓഫ് ദി പ്ലേസി’ലെ ഒരു രംഗം
ഷാർജ: ബുഹൈറ കോർണിഷിലെ ഖാലിദ് തടാകത്തിലെ അൽ മജാസ് ആംഫി തിയറ്ററിൽ നാല് ദിവസമായി, അതിമനോഹരമായ രംഗങ്ങളും വിപുലമായ രംഗ സജ്ജീകരണങ്ങളാലും കലാപ്രേമികളെ വിസ്മയിപ്പിച്ച ഇമ്മേഴ്‌സീവ് തിയറ്റർ ഷോയായ 'നരേറ്റീവ്സ് ഓഫ് ദി പ്ലേസി'ന് (സർദ് അൽ മകാൻ) തിരശ്ശീല വീണു. ഷാർജയുടെ വളർച്ചയുടെ ഇതിഹാസ യാത്രയും കഴിഞ്ഞ 50 വർഷത്തെ നേട്ടങ്ങളും ആവിഷ്കരിക്കുകയായിരുന്നു ഷാർജ സർക്കാർ മീഡിയ ബ്യൂറോ സംഘടിപ്പിച്ച ചരിത്രപഥങ്ങളിലേക്കുള്ള യാത്ര. 16ാം നൂറ്റാണ്ടിൽ ഖോർഫക്കാനിൽ നടന്ന അധിനിവേശവും അവിടത്തെ ജനങ്ങൾ തങ്ങളുടെ മാതൃരാജ്യത്തെ ധീരമായി പ്രതിരോധിച്ച രൂപവും നാടകരൂപത്തിൽ രംഗത്തെത്തി.
ഒരിക്കൽ പുസ്തകങ്ങൾ വാങ്ങാൻ തന്റെ സ്വർണകഠാര പണയംവെച്ച ഷാർജ ഭരണാധികാരിയുടെ കഥ, മുത്ത് തേടിയുള്ള മുങ്ങൽ വിദഗ്ധരുടെ അപകടകരമായ പര്യവേക്ഷണങ്ങൾ, യുനെസ്കോ വേൾഡ് ബുക്ക് കാപിറ്റൽ എന്ന പദവി നേടിക്കൊടുത്ത നിരവധി നേട്ടങ്ങൾ എന്നിവ ഷോയിൽ അക്കമിട്ട് കോർത്തിണക്കിയിരുന്നു.വിനോദസഞ്ചാരത്തിന്‍റെയും സർഗാത്മകതയുടെയും ആഗോള കേന്ദ്രമായി ഷാർജ എങ്ങനെ മാറിയെന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആംഫി തിയറ്ററിൽ പെയ്തുനിറഞ്ഞു.
വികസനത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും അറിവിന്റെയും സത്തയിൽ വിശ്വസിക്കുന്ന ജ്ഞാനിയായ ഒരു ഭരണാധികാരിയുടെ കാഴ്ചപ്പാടാണ് ഷാർജയുടെ വളർച്ചയുടെ അഭൂതപൂർവമായ യാത്രയിൽ പ്രതിഫലിക്കുന്നതെന്ന് ഷാർജ സർക്കാർ മീഡിയ ബ്യൂറോ ഡയറക്ടർ ജനറൽ താരിഖ് സയീദ് അല്ലെ പറഞ്ഞു. 50 വർഷങ്ങൾക്ക് ശേഷം കലയും അറിവും മാനവികതയും ഉൾക്കൊള്ളുന്ന, വികസനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്ന, എല്ലാ സംസ്കാരങ്ങൾക്കും പ്രചോദനം നൽകുന്ന മാതൃകയായി ഷാർജ ഉയർന്നുവന്നിരിക്കുന്നു എന്ന ഉദ്ബോധനത്തോടെയാണ് ഷോക്ക് തിരശ്ശീല വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.