ഇന്റർനാഷനൽ ലീഗ് ടി 20യിൽ പങ്കെടുക്കുന്ന ടീമുകളിലെ താരങ്ങൾ
ട്രോഫിയുമായി
ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മാതൃകയിൽ യു.എ.ഇ സംഘടിപ്പിക്കുന്ന പ്രഥമ ഇന്റർനാഷനൽ ലീഗ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാൻ താരങ്ങളെത്തി. ദുബൈ, അബൂദബി എന്നിവിടങ്ങളിലാണ് ടീമുകൾ താമസിക്കുന്നത്. ദുബൈയിലെയും അബൂദബിയിലെയും വിവിധ മൈതാനങ്ങളിൽ താരങ്ങൾ പരിശീലനത്തിനിറങ്ങി. വെള്ളിയാഴ്ചയാണ് ആദ്യ മത്സരം. 10 ദിർഹം മുതൽ ടിക്കറ്റുകൾ ലഭിക്കും. ദുബൈ ഇന്റർനാഷനൽ സ്റ്റേഡിയം, അബൂദബി ശൈഖ് സായിദ് സ്റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
ഇന്ത്യൻ ദേശീയ ടീമിലെ താരങ്ങളില്ലെങ്കിലും ഇന്ത്യക്കാർ ഏറെ ഉറ്റുനോക്കുന്ന ടൂർണമെന്റാണിത്. ഐ.പി.എല്ലിൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ടീമുകളായ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി കാപ്പിറ്റൽസ് എന്നിവയുടെ സഹ ടീമുകൾ യു.എ.ഇ മണ്ണിൽ കൊമ്പുകോർക്കുന്നുണ്ട്. അബൂദബി നൈറ്റ് റൈഡേഴ്സ്, എം.ഐ എമിറേറ്റ്സ്, ദുബൈ കാപ്പിറ്റൽസ് എന്നീ പേരുകളിലാണ് ഈ ടീമുകൾ കളത്തിലിറങ്ങുന്നത്. ഇതിനു പുറമെ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ഗൾഫ് ജയന്റ്സ്, ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാപ്രി ഗ്ലോബലിന്റെ ഗൾഫ് ജയന്റ്സ് എന്നിവയുമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഡസർട്ട് വൈപ്പേഴ്സാണ് ഇന്ത്യൻ സാന്നിധ്യമില്ലാത്ത ഏക ടീം.
ഒരുപിടി സൂപ്പർ താരങ്ങളാണ് ടൂർണമെന്റിന്റെ ശ്രദ്ധാകേന്ദ്രം. വെസ്റ്റിൻഡീസ് താരങ്ങളായ കിറോൺ പൊള്ളാഡ്, ഡ്വൈയൻ ബ്രാവോ, സുനിൽ നരൈൻ, ആന്ദ്രേ റസൽ, നിക്കോളാസ് പുരാൻ, റൊവ്മാൻ പവൽ, ഫാബിയൻ അലൻ, ഷിംറോൺ ഹെറ്റ്മെയർ, ഡൊമിനിക് ഡ്രേക്സ്, ആസ്ട്രേലിയയുടെ ക്രിസ് ലിൻ, ഇംഗ്ലണ്ട് താരങ്ങളായ ജോണി ബെയർസ്റ്റോ, മുഈൻ അലി, അലക്സ് ഹെയിൽസ്, ടോം കറൻ, സാം ബില്ലിങ്സ്, ജെയിംസ് വിൻസ്, ക്രിസ് ജോർദാൻ, ഡേവിഡ് മലൻ, ക്രിസ് ബഞ്ചമിൻ, ക്രിസ് വോക്സ്, ശ്രീലങ്കയുടെ ദാസുൻ ഷനക, ലാഹിറു കുമാര, അസലങ്ക, വനിന്ദു ഹസരംഗ, ഭാനുക രാജപക്സ, ദുഷ്മന്ത ചമീര, ന്യൂസിലൻഡിന്റെ ട്രെൻഡ് ബോൾട്ട്, കോളിൻ മൺറോ, ദക്ഷിണാഫ്രിക്കയുടെ കോളിൻ ഇൻഗ്രാം, അഫ്ഗാനിസ്ഥാന്റെ മുജീബുർറഹ്മാൻ, മുഹമ്മദ് നബി, റഹ്മത്തുല്ല ഗുർബാസ്, നവീൻ ഉൾ ഹഖ് തുടങ്ങിയവരും ടീമിൽ അണിനിരക്കുന്നു. ഇന്ത്യൻ താരം റോബിൻ ഉത്തപ്പയും കളിക്കുന്നുണ്ട്. ഇവർക്ക് പുറമെ യു.എ.ഇ ദേശീയ ടീമിലെ മലയാളി താരങ്ങളായ സി.പി. റിസ്വാൻ, ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരും ടീമിന്റെ ഭാഗമാണ്. ടൂർണമെന്റിൽ 34 മത്സരങ്ങളുണ്ടാകും. ഓരോ ടീമും രണ്ടു തവണ ഏറ്റുമുട്ടുന്ന രീതിയിലാണ് ഷെഡ്യൂൾ. നാല് പ്ലേഓഫ് മത്സരങ്ങളുണ്ടാകും. പ്ലാറ്റിനം ലിസ്റ്റിന്റെ വെബ്സൈറ്റിലൂടെ (https://dubai.platinumlist.net/ilt20) ടിക്കറ്റുകൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.