ദുബൈ: യു.എ.ഇയിൽ ഐ.ഐ.ടി സ്ഥാപിക്കുമെന്ന കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ ഗൾഫിലെ രക്ഷിതാക്കൾ. കഴിഞ്ഞദിവസം ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിലാണ് ഐ.ഐ.ടി സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് ഐ.ഐ.ടി വരുന്നത്.
എവിടെയാണ് സ്ഥാപിക്കുന്നതെന്നോ എപ്പോൾ തുടങ്ങുമെന്നോ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ് എന്നീ കടമ്പകൾ കടക്കുന്നവർക്കായിരിക്കും അഡ്മിഷൻ നൽകുക. എൻജിനീയറിങ്ങിനോട് താൽപര്യമുള്ളവർക്ക് മികച്ച അവസരമായിരിക്കും ഐ.ഐ.ടി.
പ്ലസ് ടു കഴിയുമ്പോൾ എൻജിനീയറിങ് ആഗ്രഹിക്കുന്ന വിദ്യാർഥികൾ നാട്ടിലേക്ക് പോകുന്നതാണ് പതിവ്. ഇവിടെയുള്ള ഫീസ് താങ്ങാനാവാത്തവരാണ് നാട്ടിൽപോയി പഠിക്കുന്നത്. ഇന്ത്യയുടെ ഐ.ഐ.ടി എത്തുന്നതോടെ ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ കുറഞ്ഞ ചെലവിൽ പഠിക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. ഇന്ത്യൻ അധ്യാപകർക്കും കൂടുതൽ ജോലി സാധ്യതകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിൽ ഇന്ത്യയിൽ 23 ഐ.ഐ.ടികളുണ്ട്. ഇതിന് സമാനമായ പ്രവേശന നടപടിക്രമങ്ങൾ തന്നെയായിരിക്കും യു.എ.ഇയിലേതും. പ്ലസ് ടുവിന് 75 ശതമാനം മാർക്കോടെ (മാത്സ്, ഫിസിക്സ്) പാസായവർക്ക് ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതാം. ഇതിൽ രണ്ടര ലക്ഷം റാങ്കിനുള്ളിൽ വരുന്നവർക്ക് ജെ.ഇ.ഇ അഡ്വാൻസ് എഴുതാം.
യു.എ.ഇയിലെ രക്ഷിതാക്കൾ പലരും ഡെൽഹിയിലും ബോംബെയിലും ചെന്നൈയിലുമുള്ള ഐ.ഐ.ടികളിലാണ് മക്കളെ പഠനത്തിന് അയച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.