ഋതുമതികളായിക്കഴിഞ്ഞാല്‍ ഓരോ പെണ്‍കുട്ടിയും സ്ത്രീയും നേരിടുന്ന പ്രശ്‌നമാണ് ഓരോ ആര്‍ത്തവത്തിലും ഉണ്ടാകുന്ന അസ്വസ്ഥതകള്‍. കൃത്യമല്ലാത്ത ആര്‍ത്തവം, അധിക വേദന എന്നിവ ഉണ്ടായാല്‍ എത്രയും വേഗം പരിശോധന നടത്തി എന്‍ഡോമെട്രിയോസിസ് ഇല്ലെന്ന് ഉറപ്പുവരുത്തണം. ഗര്‍ഭാശയത്തിന്‍റെ ഉള്‍വശത്തെ സ്തരമാണ് എന്‍ഡോമെട്രിയം. ഗര്‍ഭധാരണം നടക്കാത്തപ്പോള്‍ ഇത് ആര്‍ത്തവ രക്തത്തോടൊപ്പം കൊഴിഞ്ഞ് പുതിയ സ്തരങ്ങള്‍ രൂപപ്പെടും. ഗര്‍ഭപാത്രത്തിലല്ലാതെ മറ്റു ശരീരഭാഗങ്ങളില്‍ ഈ കോശങ്ങള്‍ വളരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്.
കഠിനമായ വേദനയോടുകൂടിയ ആര്‍ത്തവം, നടുവേദന എന്നിവയാണിതിന്‍റെ പ്രധാന ലക്ഷണങ്ങളെങ്കിലും അമിത രക്തസ്രാവവും മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാവുന്ന അതികഠിന വേദനയും ലൈംഗികബന്ധ സമയത്തെ വേദനകളും എല്ലാം എന്‍ഡോമെട്രിയോസിസിന്‍റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍, ചിലരില്‍ ഒരുവിധ ലക്ഷണങ്ങളും കാണില്ല. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ആര്‍ത്തവത്തോടനുബന്ധിച്ചുള്ള അസ്വസ്ഥതകള്‍ക്കു സമാനമാണ് എന്‍ഡോമെട്രിയോസിസിന്‍റെ രോഗലക്ഷണങ്ങളും. അതുകൊണ്ടുതന്നെ കൃത്യമായി തിരിച്ചറിയാന്‍ കഴിയാതെ വരുകയും ചികിത്സ വൈകുകയും ചെയ്യുന്നു.
രോഗത്തിന്‍റെ തീവ്രതയെ ആശ്രയിച്ചാണ് എന്‍ഡോമെട്രിയോസിസിന്‍റെ ചികിത്സ. രോഗനിര്‍ണയം നടത്തുന്നതിനുവേണ്ടി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ എന്നിവയെല്ലാം നടത്തിയാല്‍ ഇത്തരം അവസ്ഥകള്‍ നേരത്തേ കണ്ടെത്താവുന്നതാണ്. താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തി രോഗം ഏതു സ്റ്റേജിലാണെന്നു മനസ്സിലാക്കി വേണം ചികിത്സ നടത്താന്‍. വേദനസംഹാരികള്‍ കഴിച്ചും എന്‍ഡോമെട്രിയം കോശങ്ങള്‍ നീക്കംചെയ്തുമൊക്കെ എന്‍ഡോമെട്രിയോസിസിനെ പ്രതിരോധിക്കാം.
എന്‍ഡോമെട്രിയോസിസിനാല്‍ വലയുന്ന സ്ത്രീകള്‍ക്ക് ഫലപ്രദമായ ചികിത്സയും രോഗനിര്‍ണയവും ഉറപ്പാക്കുന്നതിനായി ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഖിസൈസില്‍ പ്രത്യേകമായ ക്ലിനിക് ആരംഭിച്ചിട്ടുണ്ട്. അനുഭവസമ്പന്നരായ ഡോക്ടര്‍മാരുടെ മള്‍ട്ടി ഡിസിപ്ലിനറി ടീമാണ് ക്ലിനിക്കിന് നേതൃത്വം നല്‍കുന്നത്. ഡോ. സഫീന അനസ്, ഡോ. അന്റോണിയോ പ്രിവിതേര, ഡോ. ഫാത്തിമ സഫ, ഡോ. ശുചിത്ര മെഹര്‍ഷി, ഡോ. ചിത്ര ഗോപാലകൃഷ്ണന്‍, ഡോ. കുണാല്‍ രഞ്ജിത്, ഡോ. മനീഷ് ശ്രീനിവാസ മൂര്‍ത്തി എന്നീ ഏഴംഗ സംഘമാണ് ക്ലിനിക്കിനെ നയിക്കുന്നത്.
ലോകമെമ്പാടും 176 ദശലക്ഷം സ്ത്രീകള്‍ എന്‍ഡോമെട്രിയോസിസിനാല്‍ ബുദ്ധിമുട്ടനുഭവിക്കുന്നു എന്നാണ് കണക്ക്. വന്ധ്യതക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് പലപ്പോഴും എന്‍ഡോമെട്രിയോസിസ്. പെൺകുട്ടികളിലെ ആര്‍ത്തവപ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് മനസ്സിലാക്കി ചികിത്സ നല്‍കേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കുക. കൂടാതെ, അവശ്യം വേണ്ട ജീവകങ്ങളും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. ഒമേഗ-3 അടങ്ങിയ മത്സ്യം ഭക്ഷണത്തിന്‍റെ ഭാഗമാക്കുക. വാല്‍നട്ട്, ചന, ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ചുവന്ന മാംസവും കഫീനും ഒഴിവാക്കുക. വാതകം നിറച്ച പാനീയങ്ങളും ദോഷം ചെയ്യും.
മുപ്പതിനും നാൽപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകൾ, ഇതുവരെ ഗര്‍ഭിണിയാവാത്ത സ്ത്രീകള്‍ എന്നിവരെല്ലാം അല്‍പം ശ്രദ്ധിക്കണം. മാത്രമല്ല, ആര്‍ത്തവം ഏഴു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കണം. 28 ദിവസത്തില്‍ താഴെയുള്ള ആര്‍ത്തവ ചക്രം ഉള്ളവര്‍, വളരെ ചെറുപ്പത്തില്‍തന്നെ പ്രായപൂര്‍ത്തിയായവര്‍ എന്നിവരിലെല്ലാം എന്‍ഡോമെട്രിയോസിസ് സൂക്ഷിക്കേണ്ടതാണ്. വളരെ സങ്കീർണവും ബഹുവിധവുമായ അസുഖമാണ് എന്‍ഡോമെട്രിയോസിസ്. ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കൂടെ കൊണ്ടുവരുന്ന വേദനയും വന്ധ്യതയും അസ്വസ്ഥതകളും വൈകാരികമായും സ്ത്രീകളെ ബാധിക്കുന്നു. ആയതിനാല്‍ കുടുംബത്തിന്‍റെ മാനസിക പിന്തുണ അത്യാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.