വ്യാജ സ്വദേശിവൽക്കരണ കേസുകളിൽ 34.5 ശതമാനത്തിന്‍റെ കുറവ്

ദുബൈ: യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ വ്യാജ സ്വദേശിവൽക്കരണം നടത്തിയതായി കണ്ടെത്തിയ കമ്പനികളുടെ എണ്ണത്തിൽ 2025-ൽ 34.5 ശതമാനത്തിന്‍റെ ഗണ്യമായ കുറവുണ്ടായതായി മാനവ വിഭവ ശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. കർശനമായ പരിശോധനകളും ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കിയതിനെ തുടർന്നാണ് ഈ ഇടിവ് സാധ്യമായതെന്ന് മന്ത്രാലയം അറിയിച്ചു.

മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, വ്യാജ സ്വദേശിവൽക്കരണ നിയമലംഘനങ്ങൾ നടത്തി നടപടികൾക്ക് വിധേയരായ കമ്പനികളുടെ എണ്ണം 2024-ലെ 1,037-ൽ നിന്ന് 2025-ൽ 679 ആയി കുറഞ്ഞു. അതായത് ആകെ 358 സ്ഥാപനങ്ങളുടെ കുറവാണ് ഈ കാലയളവിൽ ഉണ്ടായത്. യഥാർഥ തൊഴിൽ ബന്ധമില്ലാതെ ഔദ്യോഗിക രേഖകളിൽ മാത്രം സ്വദേശി പൗരന്മാരെ ജീവനക്കാരായി രജിസ്റ്റർ ചെയ്യുന്ന പ്രവണതയാണ് വ്യാജ സ്വദേശിവൽക്കരണം എന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. നിർബന്ധിത സ്വദേശിവൽക്കരണ ലക്ഷ്യങ്ങൾ മറികടക്കാനും, സർക്കാർ അനുകൂല്യങ്ങളും സാമ്പത്തിക പിന്തുണയും നിയമവിരുദ്ധമായി നേടിയെടുക്കാനുമാണ് ചില കമ്പനികൾ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത്.

ശമ്പളം, യഥാർഥ ജോലി, തൊഴിലുടമയുടെ അധികാരത്തിന് കീഴിലുള്ള പ്രവർത്തനം എന്നിവയാണ് യഥാർഥ തൊഴിൽ ബന്ധത്തിന്‍റെ മൂന്ന് പ്രധാന ഘടകങ്ങളെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇവ ഇല്ലാത്ത നിയമനങ്ങൾ നിയമലംഘനമായി കണക്കാക്കും. കുറ്റക്കാരായ സ്ഥാപനങ്ങൾക്കെതിരെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നടപടികൾ സ്വീകരിക്കും. തൊഴിൽ വിപണിയെയും സ്വദേശിവൽകരണ സൂചകങ്ങളെയും തകിടം മറിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. യഥാർഥ തൊഴിലന്വേഷകരുടെ അവസരങ്ങൾ തട്ടിയെടുക്കുന്ന ഇത്തരം തട്ടിപ്പുകൾ തടയുന്നതിൽ പൊതുജനങ്ങളുടെ സഹകരണവും പ്രധാനമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. വ്യാജ സ്വദേശിവൽക്കരണ കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Fraudulent Indigenization Cases Drop by 34.5 Percent in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.