ദുബൈ: കേരളം നേരിടുന്ന വിഷമാവസ്ഥ തന്നെയും സുഹൃത്തുക്കളെയും ഏറെ വേദനിപ്പിക്കുന്നുവെന്ന് കന്നഡ സിനിമാ ലോകത്തെ സൂപ്പർതാരം ശിവരാജ് കുമാർ. കേരളത്തെ അയൽനാടായല്ല, സ്വന്തം വീടായാണ് താൻ കരുതുന്നത്. കന്നഡ സിനിമാ താരങ്ങളുടെ സംഘടനയായ കർണാടക ഫിലിം ആര്‍ടിസ്റ്റ്സ് അസോസിയേഷൻ(കെ.എഫ്.എ.എ) പ്രസിഡൻറും എംഎൽഎയുമായ നടൻ അംബരീഷുമായി ചർച്ച ചെയ്ത് കേരളത്തിന് ആവശ്യമുള്ള സഹായം ചെയ്യുമെന്ന് അദ്ദേഹം ദുബൈയിൽ പറഞ്ഞു. നാട്ടിലെത്തിയാലുടൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്നും പുതിയ ചിത്രമായ ദ് വില്ലെൻറ ഒാഡിയോ ലോഞ്ചിന് ദുബൈയിലെത്തിയ സൂപ്പർതാരം പറഞ്ഞു. കർണാടകയിൽ ഏറ്റവുമധികം ആരാധകരുള്ള നടൻമാരിൽ പ്രമുഖനാണ് ശിവണ്ണ എന്നറിയപ്പെടുന്ന ശിവരാജ്കുമാർ.
കേരളത്തിലെ ജനങ്ങൾ ശക്തരാണ്, ഇൗ ദുരിതത്തെ മറികടക്കാനുള്ള കെൽപും അവർക്കുണ്ട്. എന്നിരിക്കിലും ഞങ്ങൾ ആവുംവിധം പിന്തുണകളെല്ലാം നൽകും. കർണാടകമാണ് ദുരിതപ്പെട്ടിരുന്നതെങ്കിൽ തീർച്ചയായും കേരളം കൂടെയുണ്ടാകുമായിരുന്നു. 1992ൽ ഒഡീഷയിൽ പ്രളയ കാലത്ത് മുൻനിര നടനും തെൻറ പിതാവുമായ രാജ് കുമാർ അവിടെയുണ്ടായിരുന്നു. അന്ന് അദ്ദേഹം തെരുവിലിറങ്ങി തൻ്റെ കഴുത്തിലെ ഷാൾ എടുത്ത് ആളുകൾക്ക് മുന്നില്‍ നീട്ടിയപ്പോൾ ആദ്യം ലഭിച്ച സംഭാവന 50,000 രൂപയായിരുന്നു.
അന്ന് വലിയൊരു സംഖ്യ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ശേഖരിക്കാൻ സാധിച്ചു. കേരളത്തോടൊപ്പം പ്രളയബാധയുണ്ടായ കർണാടകയിലെ കുടകുകാർക്ക് വേണ്ടി കെ.എഫ്.എ.എ കർണാടക ഫിലിം ചേംബർ ഒാഫ് കൊമേഴ്സു(കെ.എഫ.സി)മായി ചേർന്ന് 10 ലക്ഷം രൂപ സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നൽകിയിരുന്നു. ഒാഡിയോ ലോഞ്ചിനോടനുബന്ധിച്ച് ഇന്ന് ദുബൈ എയർപോർട്ട് റോഡിലെ ലീ മെറിഡിയൻ ഹോട്ടലിൽ നടത്തുന്ന പരിപാടിയിൽ കേരളത്തിനായി െഎക്യദാർഢ്യ പ്രഖ്യാപനവും യു.എ.ഇ സർക്കാറിന് നന്ദി പ്രകടനവും ഒരുക്കുമെന്നും സംഘാടകർ അറിയിച്ചു. വില്ലൻ സിനിമയുടെ സംവിധായകൻ പ്രേം ഉൾപ്പെടെ വിവിധ കലാകാരും സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.