യു.എ.ഇയിലെ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും പാസ്‌പോർട്ട് അപേക്ഷകരുടെ വൻ തിരക്ക്

ദുബൈ: കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് യു.എ.ഇയിലെ ബി.എൽ.എസ് കോൺസുലർ സേവന കേന്ദ്രങ്ങൾ പൂട്ടിയതോടെ, അപ്പോയിന്റ്‌മെന്റുകൾ ഒന്നുമില്ലാതെ പാസ്‌പോർട്ട് അപേക്ഷകൾ നേരിട്ട് സമർപ്പിക്കാനായി വ്യാഴാഴ്ച എംബസിയിലും കോൺസുലേറ്റിലുമെത്തിയത് നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ. വിദേശ കോൺസുലർ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യാൻ തുടങ്ങിയതിന് ശേഷം കഴിഞ്ഞ 17 വർഷത്തിനിടയിൽ ഇതാദ്യമായാണ് യു.എ.ഇയിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുന്നത്. താല്ക്കാലിക ക്രമീകരണമെന്ന നിലയിൽ ജൂലൈ രണ്ടുമുതൽ അബൂദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ കോൺസുലേറ്റും രാവിലെ നേരിട്ടെത്തുന്നവർക്ക് മുൻഗണനാക്രമത്തിൽ സേവനങ്ങൾ നൽകിത്തുടങ്ങി.

പുതിയ കരാർ ലഭിച്ച 'അൽഹിന്ദ്' കമ്പനി ജൂലൈ ഒന്നുമുതൽ ആരംഭിക്കേണ്ടിയിരുന്ന ഏകീകൃത കോൺസുലർ കേന്ദ്രങ്ങളുടെ പ്രവർത്തനം ഡൽഹിയിലെ നിയമപോരാട്ടം കാരണം വൈകുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. ടെക്നിക്കൽ മൂല്യനിർണയത്തിൽ പുറത്തായ മറ്റ് രണ്ട് കമ്പനികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് സുപ്രീം കോടതിയിലുമെത്തി. നിലവിലുള്ള സ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടതിനാലും ഹൈക്കോടതിയുടെ അന്തിമ വിധി വരാത്തതിനാലും അൽഹിന്ദിന് പ്രവർത്തനം ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്നാണ് എംബസി ജീവനക്കാരും വളണ്ടിയർമാരും നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നത്.

ഇതിനിടെ, ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ പാസ്‌പോർട്ട് ഫീസാണ് അപേക്ഷകർ നൽകേണ്ടി വന്നത്. സാധാരണ രീതിയിൽ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് 285 ദിർഹത്തിൽ നിന്നും ഒറ്റയടിക്ക് 450 ദിർഹമായി ഉയർത്തിയത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ തിരിച്ചടിയായി. യു.എ.ഇയിലെ 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിൽ ഭൂരിഭാഗവും സാധാരണക്കാരായ തൊഴിലാളികളാണ്. കുറഞ്ഞ വരുമാനക്കാരായ ഇ.സി.ആർ പാസ്‌പോർട്ടുള്ളവർക്കെങ്കിലും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഫീസിൽ 50 ശതമാനം ഇളവ് നൽകണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - Heavy rush of passport applicants at the Indian Embassy and Consulate in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.