‘വേനലവധിക്ക് യാത്ര പോവുന്ന വിവരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കരുത്’; മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി അബൂദബി പൊലീസ്

അബൂദബി: വേനലവധിക്ക് നാട്ടിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും യാത്ര തിരിക്കുന്നവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി യാത്രാ പദ്ധതികൾ പങ്കുവെക്കരുതെന്ന് അബൂദബി പൊലീസ്. വീടുകളില്‍ കവര്‍ച്ച നടത്താന്‍ ലക്ഷ്യമിടുന്നവര്‍ ഇത്തരം വിവരങ്ങള്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്നും യാത്ര പുറപ്പെടും മുമ്പ് വീടുകളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുമായി പൊലീസ് നടത്തുന്ന 'സുരക്ഷിതത്വത്തോടെ വേനല്‍ക്കാലം' എന്ന ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യാത്ര പുറപ്പെടുംമുമ്പ് വീടുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. പ്രധാന വാതിലുകളും ജനലുകളും കൃത്യമായി പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ബാല്‍ക്കണി, റൂഫ് ടോപ്പ്, സ്റ്റോറേജ് റൂമുകള്‍ എന്നിവയുടെ പ്രവേശന കവാടങ്ങളും സുരക്ഷിതമായി അടച്ചിരിക്കണം. സാധ്യമെങ്കില്‍ വീടുകളില്‍ നിരീക്ഷണ കാമറകളും സ്മാര്‍ട്ട് സുരക്ഷാ സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാക്കുന്നത് വഴി ദൂരദേശത്തിരുന്നും വീട് നിരീക്ഷിക്കാന്‍ ഉടമകള്‍ക്ക് സാധിക്കും. സ്വര്‍ണം, പണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായ ലോക്കറുകളിലോ മറ്റ് സുരക്ഷിത ഇടങ്ങളിലോ മാറ്റണം. തങ്ങള്‍ ഇല്ലാത്ത സമയത്ത് വീടുകളില്‍ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ പരിശോധിക്കാന്‍ വിശ്വസ്തരായ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ചുമതലപ്പെടുത്തുന്നത് ഗുണകരമാവും.

വേനല്‍ക്കാലത്ത് വീടുകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തീപിടിത്തം, മറ്റ് സാങ്കേതിക തകരാറുകള്‍ എന്നിവ ഒഴിവാക്കാന്‍ ഇലക്ട്രിക്കല്‍ ലൈനുകളില്‍ പ്രത്യേക ശ്രദ്ധ വേണം. പല അപകടങ്ങള്‍ക്കും കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടുകളാണ്. അതിനാല്‍, ആവശ്യമില്ലാത്ത എയര്‍ കണ്ടീഷനറുകള്‍, മൊബൈല്‍ ചാര്‍ജറുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ പ്ലഗുകള്‍ പൂര്‍ണമായും ഊരിയിടണം. ഗ്യാസ് സിലിണ്ടറുകളുടെ കണക്ഷനുകളും വാട്ടര്‍ സപ്ലൈയും യാത്ര തിരിക്കും മുമ്പ് നിര്‍ബന്ധമായും അടക്കണം. ഇത് അപകടസാധ്യതകള്‍ ഇല്ലാതാക്കുന്നതിനൊപ്പം ഊര്‍ജ ദുരുപയോഗം തടയാനും സഹായിക്കും. സുരക്ഷാ മാര്‍ഗനിർദേശങ്ങള്‍ പാലിക്കുന്നതില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും വീട്ടുപരിസരങ്ങളിലോ അയല്‍പക്കങ്ങളിലോ സംശയസ്പദമായ സാഹചര്യങ്ങളോ നിയമലംഘനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ ഔദ്യോഗിക ചാനലുകള്‍ വഴി പൊലീസിനെ വിവരമറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Tags:    
News Summary - Do not share details of your vacation travel on social media; Abu Dhabi Police issues precautionary guideline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.