ദുബൈ: അക്ഷരങ്ങൾ കൊണ്ട് മലയാള സാഹിത്യത്തിന്റെ ഭൂപടം മാറ്റിവരച്ച ഇതിഹാസകാരൻ ഒ.വി. വിജയനും അദ്ദേഹത്തിന്റെ അനശ്വര കൃതി 'ഖസാക്കിന്റെ ഇതിഹാസ'ത്തിനും സംഗീതാർച്ചനയുമായി പ്രവാസി മലയാളി. വിജയന്റെ ജന്മദിനത്തോടനുബന്ധിച്ച് 'ഹൃദയതൂലിക ക്രിയേഷൻസ്' ഒരുക്കിയ ആദരഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മലയാള സാഹിത്യ ചരിത്രത്തിൽ ഒരു നോവലിനെ മുൻനിർത്തി ഒരുങ്ങുന്ന ആദ്യ ഗാനസ്മാരകമാണിതെന്ന പ്രത്യേകതയുമുണ്ട്.
ഖസാക്കിന്റെ വിസ്മരിക്കാനാവാത്ത കഥാപാത്രങ്ങളുടെ ഓർമപ്പെടുത്തലുകളാണ് ഗാനത്തിന്റെ ഉള്ളടക്കം. പ്രവാസി എഴുത്തുകാരനും ഗാനരചയിതാവുമായ മേതിൽ സതീശനാണ് രചനയും സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നത്. ഖസാക്കിന്റെ ആത്മാവ് തുടിക്കുന്ന തസ്രാക്കും പരിസരപ്രദേശങ്ങളും പശ്ചാത്തലമാക്കി നോവലിന്റെ ദൃശ്യഭംഗി ഒപ്പിയെടുത്തത് കാമറാമാൻ ആർ.സി. നായരാണ്. മേതിൽ സതീശൻ-ആർ.സി. നായർ കൂട്ടുകെട്ടിൽ നേരത്തെ ഭാരതഗാനം, കേരളഗാനം, പാലക്കാടൻ ഗീതം, വാദ്യമാല, ഇഞ്ചിപ്പുളി തുടങ്ങി നൂറോളം വ്യത്യസ്ത ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. നോവലിനെ പുതുതലമുറയിലേക്ക് എത്തിക്കാനും വീണ്ടും വായിക്കപ്പെടാനുള്ള പ്രചോദനവുമാണ് സംഗീതാർച്ചനയിലൂടെ ലക്ഷ്യമിടുന്നതെന്ന് മേതിൽ സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.