ദുബൈ: യു.എ.ഇയിൽ ഈ സീസണിലെ ഏറ്റവും ശൈത്യമേറിയ ദിവസങ്ങൾ ഈ ആഴ്ചയോടെ ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി അറിയിച്ചു. രാജ്യത്തെ ചില മേഖലകളിൽ താപനില അഞ്ചു ഡിഗ്രിക്കും താഴെ പോകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. തിങ്കളാഴ്ചയോടെയണ് താപനില ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തുകയെന്നും ഈ സാഹചര്യം 10 ദിവസം വരെ നീണ്ടുനിൽക്കുമെന്നും അധികൃതർ പറയുന്നു. അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ഒന്നാകെ തണുപ്പ് വർധിക്കുന്ന സമയംകൂടിയാണിത്. ഇക്കാലയളവിൽ മരുഭൂ പ്രദേശങ്ങളിൽ അഞ്ചു ഡിഗ്രിയും പർവത മേഖലകളിൽ പൂജ്യം ഡിഗ്രിയും വരെ തണുപ്പുണ്ടാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അതിനിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ആഴ്ച ചെറിയ മഴക്ക് സാധ്യതയുണ്ട്. റാസൽഖൈമയിലെ ജബൽ ജെയ്സിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ താപനില റിപ്പോർട്ട് ചെയ്തത്. ജബൽ ജെയ്സിൽ ഞായറാഴ്ച 8.3 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ബുധനാഴ്ചയാണ് ദുബൈയിലും അബൂദബിയിലും മഴക്ക് സാധ്യത പറയുന്നത്.
നിലവിൽ ഇവിടങ്ങളിൽ തണുപ്പ് വർധിച്ചതോടെ മിക്കവരും ശൈത്യകാല വസ്ത്രങ്ങളിഞ്ഞാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ മഴയും തണുപ്പും ഇത്തവണ അനുഭവപ്പെട്ടതായാണ് പൊതുവെ നഗരപ്രദേശങ്ങളിലെ താമസക്കാർ അഭിപ്രായപ്പെടുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് യു.എ.ഇയിൽ ശൈത്യവും ഇടക്കിടെ മഴയും ദൃശ്യമാകാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.