ദുബൈ ഗ്രീൻ റണ്ണിൽ പങ്കെടുക്കാനെത്തിയവർ
ദുബൈ: ഓട്ടക്കാരുടെ നഗരമാണ് ദുബൈ. ദുബൈ റണ്ണും റൈഡുമെല്ലാം ലോകപ്രശസ്തമാണ്. പക്ഷേ, ഞായറാഴ്ച പുലർച്ച നഗരത്തിൽ നടന്ന റണ്ണിന് മറ്റൊരു ഭാവമായിരുന്നു. പ്രകൃതിസംരക്ഷണത്തിന്റെ പുത്തൻമാതൃക പകർന്നാണ് ഗ്രീൻ റണ്ണിന്റെ രണ്ടാം എഡിഷൻ ദുബൈയിൽ അരങ്ങേറിയത്. ഡി.ഐ.പിയിലെ ഇൻവെസ്റ്റ്മെന്റ് ഹെഡ്ക്വാർട്ടേഴ്സിന് മുന്നിൽനിന്ന് ആരംഭിച്ച റണ്ണിൽ 2600ഓളം പേർ പങ്കെടുത്തു.
കാലാവസ്ഥാവ്യതിയാനം, പ്രകൃതിസംരക്ഷണം എന്നിവയുടെ സന്ദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റൺ അരങ്ങേറിയത്. 1, 3, 5 കിലോമീറ്ററുകളിലായി നടന്ന റണ്ണിൽ പങ്കെടുക്കാൻ നിരവധി കുടുംബങ്ങളും വിദ്യാർഥികളും എത്തിയിരുന്നു. പച്ച നിറത്തിലുള്ള ജഴ്സിയണിഞ്ഞാണ് എല്ലാവരും എത്തിയത്. നടത്തവും ഓട്ടവും സമ്മിശ്രമായാണ് അരങ്ങേറിയത്. ഇലക്ട്രോണിക് ഉൽപന്നങ്ങളും മൊബൈലുകളും റീ സൈക്കിൾ ചെയ്യേണ്ടതിന്റെ ആവശ്യകത ഇവിടെയെത്തിയവർക്ക് അധികൃതർ പറഞ്ഞുകൊടുത്തു. ആദ്യ എഡിഷനെ അപേക്ഷിച്ച് മൂന്നിരട്ടി ആളുകൾ ഇക്കുറി പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.
വിജയിക്ക് 3000 ദിർഹം സമ്മാനം നൽകി. രണ്ടാം സ്ഥാനക്കാർക്ക് 2000, മൂന്നാമതെത്തിയയാൾക്ക് 1000 ദിർഹവും സമ്മാനം കൈമാറി. വനിത വിഭാഗത്തിൽ ആസ്ട്രേലിയയിൽനിന്നുള്ള അധ്യാപികയായ ക്ലോ ടിഗെയാണ് ഒന്നാമതെത്തിയത്. പുരുഷവിഭാഗത്തിൽ മൊറോക്കോക്കാരൻ അനൂവർ ഗൂസ് ജേതാവായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.