അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ
ചെയർമാനുമായ ശൈഖ് ഹമ്മാർ ബിൻ ഹുമൈദ് അൽ
നുഐമിയുടെ സാന്നിധ്യത്തിൽ ഗൾഫ് മെഡിക്കൽ
യൂനിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങ്
അജ്മാൻ: യു.എ.ഇയിലെ പ്രമുഖ യൂനിവേഴ്സിറ്റികളിൽ ഒന്നായ ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിക്ക് (ജി.എം.യു) കീഴിലുള്ള വിവിധ കോളജുകളിൽനിന്നുള്ള 630 വിദ്യാർഥികൾക്ക് ബിരുദം സമ്മാനിച്ചു.
തുംബെ മെഡിസിറ്റിയിൽ നടന്ന ചടങ്ങിൽ അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ സാന്നിധ്യത്തിലായിരുന്നു ബിരുദദാനം. വിദ്യാർഥികളുടെ കുടുംബങ്ങൾ, ഫാക്കൽറ്റി അംഗങ്ങൾ, ആരോഗ്യ രംഗത്തെ നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തു.
മെഡിസിൻ, ഡെൻന്റിസ്ട്രി, ഫാർമസി, നഴ്സിങ്, ഫിസിയോതെറപ്പി, ഹെൽത്ത്കെയർ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്കാണ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചത്. ചടങ്ങിൽ തുംബെ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ അധ്യക്ഷതവഹിച്ചു. ഗൾഫ് യൂനിവേഴ്സിറ്റി ചാൻസലർ പ്രഫ. മന്ദ വെങ്കട്ട്രമണ നന്ദി പറഞ്ഞു. മിർസ അൽ സായേഗ്, ഫിറോസ അലാന തുടങ്ങിയവർക്ക് ചടങ്ങിൽ ഹോണററി ഡോക്ടറേറ്റ് സമ്മാനിച്ചു. കൂടാതെ ഡോ. സാമിഹ് തർബിച്ചി, ഡോ. അബ്ദുല്ല അൽ ഖയാത്ത്, ഡോ. അബ്ദുറഹ്മാൻ മുസ്തഫാവി, ഡോ. ഹുമൈദ് അൽ ശംസി എന്നിവർക്ക് ഹോണററി പ്രഫസർഷിപ്പും സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.